കണ്ണൂർ: സ്‌പ്രിൻക്ളർ കരാറിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കരാറുമായി ബന്ധപ്പെട്ട് ഐ.ടി സെക്രട്ടറി പറയുന്നത് അടിസ്ഥാന രഹിതവും യുക്തിക്ക് നിരക്കാത്തതുമായ കാര്യങ്ങളാണ്. കരാർ രാജ്യദ്രോഹവും നിയമ വിരുദ്ധവുമാണ്.
സംസ്ഥാന സർക്കാരുണ്ടാക്കിയ കരാർ കേന്ദ്ര സർക്കാരോ ആഭ്യന്തര വകുപ്പോ അറിയില്ല. ഒരുതരത്തിലുമുള്ള അന്വേഷണം നടത്താതെ,​ മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പിണറായി വിജയൻ കരാറുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്. ഇത് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് കേന്ദ്ര ഏജൻസി അന്വേഷിക്കണം. തനിക്കില്ലാത്ത വേവലാതി മാദ്ധ്യമങ്ങൾക്കെന്തിനാണെന്ന് ചോദിക്കുന്ന മുഖ്യമന്ത്രി ജനങ്ങൾക്ക് വേവലാതിയുള്ള കാര്യം മനസിലാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. നേതാക്കളായ കെ. രഞ്ചിത്ത്, എൻ. ഹരിദാസൻ, കെ.കെ. വിനോദ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.