ഇരിട്ടി: ലോക്ക് ഡൗൺ ലംഘിച്ച് കർണാടകയിൽ നിന്നും വനപാതയിലൂടെ 5 പേർ കൂടി കേരളത്തിലെത്തി. മട്ടന്നൂർ സ്വദേശികളായ നാലു പേരും കർണാടക സ്വദേശിയായ ഒരാളുമാണ് ഉളിക്കൽ കാലാങ്കിയിൽ എത്തിയത്. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കൃഷി ജോലിക്കായി കർണാടകത്തിൽ പോയ തൊഴിലാളികളാണ് വനപാതയിലൂടെ എത്തുന്നത്. നാട്ടുകാരാണ് ഇവരെ പിടികൂടുന്നത്. ഇരിട്ടിയിൽ സർക്കാർ ഏറ്റെടുത്ത രണ്ട് സ്വകാര്യ ലോഡ്ജുകൾ നിറയുന്ന സാഹചര്യത്തിലേക്ക് എത്തിയതിനാൽ ഇത്തരത്തിൽ ആളുകൾ എത്തുന്നതിനെ ഏത് രീതിയിൽ നേരിടണമെന്ന് ജില്ലാ കളക്ടറുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് തഹസിൽദാർ കെ.കെ ദിവാകരൻ പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രൻ , ഉളിക്കൽ മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത്ത് മാത്യു, കെ.എസ്. ഗിരിജ, രാജേഷ് പി.ജെയിംസ് തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി.