കണ്ണൂർ: ലോക്ക് ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പൂട്ടാൻ വീണ്ടും പൊലീസ് നിരത്തിൽ സജീവമായി നിലയുറപ്പിച്ചു. ജില്ലയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ കർശനമാക്കാൻ പൊലീസിന് നിർദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ഐ.ജിമാരായ വിജയ് സാക്കറെ, അശോക് യാദവ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നാണ് കാസർകോട് നടപ്പാക്കിയ ട്രിപ്പിൾ ലോക്ക് ഡൗൺ മാതൃകയിൽ സുരക്ഷ കർശനമാക്കാൻ തീരുമാനിച്ചത്.

ഐ.ജി അശോക് യാദവ്, എസ്.പി യതീഷ് ചന്ദ്ര എന്നിവരുടെ മേൽനോട്ടത്തിൽ തലശ്ശേരി- ഇരിട്ടി മേഖലയിൽ എസ്.പി അരവിന്ദ് ശ്രീധർ, കണ്ണൂർ- തളിപ്പറമ്പ് മേഖലയിൽ എസ്.പി നവനീത് ശർമ്മ എന്നിവർക്കാണ് സുരക്ഷാ ചുമതല. ഐ.ജി ഉൾപ്പെടെ ഇന്നലെ വാഹന പരിശോധനയ്ക്കിറങ്ങി. ഇന്നലെ രാവിലെ വാഹനങ്ങളുടെ വലിയ നിരതന്നെ കാണാനായെങ്കിലും പിന്നീട് കുറഞ്ഞു. ഗ്രാമങ്ങളിലുൾപ്പെടെ ഓരോ 200 മീറ്ററിലും പരിശോധന നടത്തുന്നുണ്ട്. പല റോഡ‌ുകളും അടച്ച് പ്രധാന റോഡുകൾ വഴി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. അവശ്യസാധന വില്പന കേന്ദ്രങ്ങളുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവരാൻ സമീപങ്ങളിലുള്ള കൂടുതൽ കടകൾ ഒരു ദിവസം ഒരുമിച്ച് തുറക്കാൻ അനുവദിക്കില്ല.

ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ തുടരുന്ന കടുത്ത നിയന്ത്രണങ്ങൾക്ക് പുറമെയാണ് ജില്ല മുഴുവൻ പരിശോധന കർശനമാക്കുന്നത്. നഗരത്തിൽ തന്നെ പല റോഡുകളും ഡിവൈഡറുകൾ സ്ഥാപിച്ച് ഇന്നലെ രാവിലെ പൊലീസ് അടച്ചു. എന്നാൽ പഴുതുകളിലൂടെ ഇരുചക്രവാഹനങ്ങൾ പോകുന്ന കാഴ്ചയുമുണ്ടായിരുന്നു. നഗരത്തിലെത്തിയ പലരും അടച്ചഭാഗങ്ങളിൽ വാഹനങ്ങൾ നിർത്തി നടന്നുപോവുകയായിരുന്നു. മാർക്കറ്റിലും സാമൂഹ്യഅകലം പാലിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.

ഇരിട്ടി മേഖലയിൽ 50 തോളം റോഡുകൾ അടച്ചു

ഇരിട്ടി: മേഖലയിലെ 50 തോളം റോഡുകൾ അടച്ചു. ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിന്റെ നേതൃത്വത്തിൽ 200ഓളം പൊലീസുകാരെയാണ് റോഡിലിറങ്ങുന്നവരെ മാത്രം പരിശോധിക്കാനായി നിയോഗിച്ചിരിക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം പ്രധാന റോഡുകളെല്ലാം തഹസിൽദാർ കെ.കെ. ദിവാകരന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി തന്നെ അടച്ചിരുന്നു. മട്ടന്നൂർ -കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ എട്ടോളം സ്ഥലങ്ങളിലാണ് പരിശോധന. ജബ്ബാർക്കടവ് പാലം, കൂമൻതോട് നിന്നും മാടത്തിയിലേക്ക് എത്തുന്ന പാലം എന്നിവ പൂർണ്ണമായും അടച്ചു.