ചൊക്ലി: പീപ്പിൾസ് വെൽഫയർ കോ ഓപ്പ് സൊസൈറ്റിയുടെ നീതി മെഡിക്കൽസ് ചൊക്ലി പോലീസ് സ്റ്റേഷനിലേക്ക് ആവശ്യമായ സാനിറ്റൈസറുകൾ സൊസൈറ്റി പ്രസിഡന്റ് കെ.പി.ദയാനന്ദൻ, സെക്രട്ടറി വി.കെ.ഭാസ്‌കരൻ എന്നിവരുടെ നേതൃത്വത്തിൽ ചൊക്ലി.സി.ഐ. പി. സുനിൽ കുമാറിന് നൽകി. എസ്.ഐ. സുഭാഷ് ബാബു, കെ. പ്രദീപ് കുമാർ, എന്നിവർ സന്നിഹിതരായിരുന്നു.
അസംഘടിത തൊഴിലാളികൾക്ക്
ധനസഹായം: മുഖ്യമന്ത്രി
മാഹി: പുതുച്ചേരി സംസ്ഥാന ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന മാഹിയിലെ മുഴുവൻ തൊഴിലാളികൾക്കും സർക്കാർ ധനസഹായം നൽകുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി അറിയിച്ചു.
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് 1000 രൂപയും കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് 2000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്. കോവിഡ് ബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് ഈ ധനസഹായം ആശ്വാസമായി. ഇതിനകം തന്നെ മാഹിയിലെ മുഴുവൻ റേഷൻ കാർഡിനും 2000 രൂപയും മാസത്തിൽ 10 കിലോ അരി വീതം മൂന്നു മാസത്തേക്ക് വിതരണം ചെയ്യാനും മുഖ്യമന്ത്രി അനുമതി നൽകിയിട്ടുണ്ട്.
വാർഡിലെ മുഴുവൻ വീടുകളിലും
സൗജന്യ പുസ്തക വിതരണം
മാഹി:കൊവിഡ് കാല അധിക വായനക്കായി മാഹിയിലെ ലിറ്ററേറ്റ് ബുക്ക്സ്റ്റാൾ ഉടമയും, മാതൃകാ കർഷകനുമായ കെ.വി. സുനിൽകുമാർ ചൊക്ലി പഞ്ചായത്തിലെ രണ്ടാം വാർഡിലെ അഞ്ഞൂറ് വീട്ടുകാർക്ക് സൗജന്യമായി പുസ്തകം സമ്മാനിച്ചു. കഥ, കവിത, നോവൽ, ചരിത്രം, നർമ്മം തുടങ്ങി വിവിധ തരം പുസ്തകങ്ങളുടെ വിതരണം ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.രാകേഷ് നിർവഹിച്ചു. വാർഡ് മെമ്പർ ഗീത, വികസന സമിതി അംഗം കെ.രമേശൻ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ, പി.കെ.മോഹനൻ എന്നിവർ സംബന്ധിച്ചു.
കരിവെള്ളൂർ വില്ലേജിൽ
ആയിരം അടുക്കളത്തോട്ടം
കരിവെള്ളൂർ: കരിവെള്ളൂർ സർവീസ് സഹകരണ ബാങ്കും ഫാർമേഴ്സ് ക്ലബ്ബും ചേർന്ന് കരിവെള്ളൂർ ഗ്രാമത്തെ കാർഷിക സ്വയം പര്യാപ്ത ഗ്രാമമാക്കും. ഇതിന്റെ ഭാഗമായി കരിവെള്ളൂർ വില്ലേജിൽ ആയിരം അടുക്കളത്തോട്ടമുണ്ടാക്കും. ഇതിനായി പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും വാങ്ങിയ പയർ, ചീര, വെണ്ട വിത്തുകൾ സൗജന്യമായി ബാങ്ക് ജീവനക്കാർ കർഷകരുടെ വീടുകളിലെത്തിക്കും ബാങ്കിന്റെ ഇക്കോ ഷോപ്പിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ നാരായണൻ ജൈവകർഷക ടി.വി സരളയ്ക്ക് വിത്ത് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി എം. ശശി മോഹനൻ, ഫാർമേഴ്സ് ക്ലബ്ബ് സെക്രട്ടറി കാനാ ഗോവിന്ദൻ, കെ.വി ദാമോദരൻ, പി.പി ഭരതൻ എന്നിവർ പങ്കെടുത്തു.