pic-

കാസർകോട്: കൊവിഡിനെ പിടിച്ചുകെട്ടി ചരിത്രം സൃഷ്ടിക്കുന്ന കേരളത്തിന് മറ്റൊരു പൊൻതൂവൽ കൂടി.​ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ ചികിത്സിച്ച്‌ ഭേദമാക്കിയ ആശുപത്രി എന്ന നേട്ടം ഇനി കാസർകോട് ജനറൽ ആശുപത്രിക്ക് സ്വന്തം. ഇവിടെ ചികിത്സ തേടിയ 91 രോഗികളിൽ 82 പേരും രോഗമുക്തരായി. തുടക്കത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് 'പേരുദോഷം' കേട്ട ജില്ലയായിരുന്നു കാസർകോട്. ജില്ലയിൽ 169 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 142 പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇനി ചികിത്സയിലുള്ളത് 27 പേർ മാത്രം. കൊവിഡിനെ പൂർണമായും തുടച്ചുനീക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നും ജില്ലയിൽ ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

നിരോധനാജ്ഞ, പൊലീസിന്റെ ശക്തമായ ഇടപെടൽ, ട്രിപ്പിൾ ലോക്ക്, ആരോഗ്യപ്രവർത്തകരുടെ വിശ്രമമില്ലാത്ത ജോലി തുടങ്ങിയ ദൗത്യങ്ങളിലൂടെയാണ് കാസർകോട് ഈ നേട്ടം കൈവരിച്ചത്. ആശുപത്രികളിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളവർ 54 പേരാണ്. ജില്ലയിൽ ആകെ നിരീക്ഷണത്തിൽ 4754 പേരുണ്ട്.