കാസർകോട്: ജില്ലയിൽ പുതുതായി മൂന്ന് പേർക്ക് കൂടി കൊവിഡ്19 രോഗം സ്ഥീരീകരിച്ചത് ആരോഗ്യ വകുപ്പ് ഗൗരവത്തിൽ എടുക്കുന്നു. ചെങ്കള സ്വദേശികളായ 48 വയസുകാരനും 20 വയസുകാരനും, മൊഗ്രാൽ പുത്തൂർ സ്വദേശിയായ 43 വയസുകാരനുമാണ് രോഗം സ്ഥീരീകരിച്ചത്. ഇവരെല്ലാം ഒന്നര മാസം മുമ്പ് ദുബായിയിൽ നിന്ന് വന്നവരാണ്. ചികിത്സയിലുള്ള നാല് പേർ ഇന്ന് രോഗവിമുക്തരായി. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് മൂന്നു പേരും പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്ന് ഒരാളുമാണ് രോഗവിമുക്തരായത്.
രോഗം സ്ഥിരീകരിച്ച ചെങ്കള പഞ്ചായത്തിലെ രണ്ടുപേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരാണ്. ചെങ്കള പി.എച്ച്.സി യുടെ നേതൃത്വത്തിൽ നടത്തുന്ന സർവേയിലാണ് ഇവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചത്. നേരിയ ചുമമാത്രമാണ് ഇവർക്ക് ലക്ഷണമായി കണ്ടത്. ആരോഗ്യവകുപ്പ് അധികൃതരുടെ നിർബന്ധത്തെ തുടർന്നാണ് സാമ്പിൾ പരിശോധിച്ചത്. ജില്ലയിൽ നിലവിൽ 4619 പേരാണ് നിരീക്ഷണത്തിലള്ളത്. 392 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഇതുവരേ 84.88 ശതമാനം കൊവിഡ് രോഗികൾ രോഗവിമുക്തരായി. ഇനി ചികിത്സയിൽ ഉള്ളത് 26 പേർമാത്രമാണ്. 172 രോഗികളിൽ നിന്നും 146 പേർ രോഗവിമുക്തരായി. ഈ 146 പേരിൽ കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് 86 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും 33 പേരും കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ നിന്നും എട്ട് പേരും പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് 17 പേരും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് രണ്ട് പേരും രോഗവിമുക്തരായി. അതായത് ജില്ലയിൽ ആകെയുള്ള രോഗികളിൽ 84.88 ശതമാനം പേർ രോഗവിമുക്തരായി.