കണ്ണൂർ: വീട് കേന്ദ്രീകരിച്ച് നടത്തിയ ചാരായ വാറ്റ് എക്സൈസ് പിടികൂടി. കണിച്ചാർ സ്വദേശി മേക്കൽ വീട്ടിൽ കണ്ണന്റെ (സുരേന്ദ്രൻ) വീട്ടിൽ നിന്നാണ് 25 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും പേരാവൂർ എക്‌സൈസ് കണ്ടെടുത്തത്. കൊവിഡ് 19 പ്രതിരോധ ലോക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതിന്റെ മറവിലാണ് ചാരായ നിർമ്മാണം നടത്തിയത്. കണ്ണൂർ എക്സൈസ് ഇന്റലിജിൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് സംഭവം. പ്രിവന്റീവ് ഓഫീസർ പി.സി ഷാജിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ. പത്മരാജൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എ ഉണ്ണികൃഷ്ണൻ, കെ. ശ്രീജിത്ത്, എൻ.സി വിഷ്ണു, പി.ജി അഖിൽ, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ അമൃത എന്നിവർ പങ്കെടുത്തു.
എരുവട്ടി പൊട്ടൻപാറ രാമുണ്ണിബസാറിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 20 ലിറ്റർ വാഷും കണ്ടെത്തി. പിണറായി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. നസീറിന്റെ നേതൃത്വത്തിലുള്ള റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ യു. ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഒ. ലിമേഷ്, എം. ബിജേഷ്, പി.കെ ശരത്ത്, ഡ്രൈവർ പി. സുകേഷ് എന്നിവരും ഉണ്ടായിരുന്നു.
മാനന്തേരി കാവിൽ മൂലയിൽ കൂത്തുപറമ്പ് എക്‌സൈസ് റേഞ്ചിന്റെ പരിശോധനയിൽ വീടിന്റെ അടുക്കളയിൽ നിന്നും ചാരായ വാറ്റ് പിടികൂടി. മാനന്തേരിയിലെ നാമത്ത് വീട്ടിലെ കെ. സുരേശന്റെ വീട്ടിൽ നിന്നാണ് വാഷും ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു പരിശോധന. എക്‌സൈസ് സംഘത്തെ കണ്ടപ്പോൾ പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു. 5 ലിറ്റർ ചാരായവും 10 ലിറ്റർ വാഷും വാറ്റുപകരണങ്ങളായ അലൂമിനിയം വട്ട, തട്ട്, പ്ലാസ്റ്റിക് പൈപ്പ് എന്നിവ പിടികൂടി. പ്രിവന്റീവ് ഓഫീസർ പി. പ്രമോദനറെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, പി. ജലീഷ്, എം. സുബിൻ,സി.കെ ശജേഷ്എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം മദ്യശാലകൾ പൂട്ടിയതോടെ 3000 ലിറ്റർ വാഷും 9 ലിറ്റർ ചാരായവുമാണ് കൂത്തുപറമ്പ് എക്‌സൈസ് പിടികൂടിയത്.