കണ്ണൂർ: കൊവിഡ് 19 വൈറസ് ബാധ ഏറ്റവും സങ്കീർണ്ണമായ കണ്ണൂരിലെ സുരക്ഷ പൊലീസ് ശക്തമാക്കുന്നു. മൂന്ന് സബ് ഡിവിഷനുകളായി തിരിച്ച് മൂന്ന് എസ്.പിമാർ നേരിട്ടിറങ്ങിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കണ്ണൂരിൽ എസ്.പി യതീശ്‌ചന്ദ്രക്കും തളിപ്പറമ്പിൽ നവനീത് ശർമ്മക്കും, തലശേരി, ഇരിട്ടി സോണുകളുടെ ചുമതല അരവിന്ദ് ശ്രീധറിനുമാണ് നൽകിയിട്ടുളളത്. ഇന്നലെ ജില്ലയിൽ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവർക്കെതിരെ 450 കേസുകൾ എടുത്തു.
ഡി.വൈ.എസ്.പി മാർ മുതൽ സാധാ പൊലീസുകാർക്ക് വരെ ഓരോ മേഖലകൾ വിഭജിച്ച് നൽകിയാണ് പരിശോധന പുരോഗമിക്കുന്നത്. രാവിലെ ആറ് മണി മുതൽ രാത്രി വൈകും വരെയും പരിശോധന തുടരുന്നുണ്ട്. മെയ് മൂന്ന് വരെയാണ് ജില്ലയിൽ പൊലിസിന്റെ ട്രിപ്പിൾ ലോക്ക് സുരക്ഷ. ഗ്രാമങ്ങളിലെ ചെറു പാതകളെല്ലാം അടച്ചു കഴിഞ്ഞു. ഹോട്ട് സ്പോട്ടായി നിശ്ചയിച്ച 18 കേന്ദ്രങ്ങളിൽ മരുന്ന് ഉൾപ്പെടെയുള്ള സാധനങ്ങൾ വളണ്ടിയർമാർ വീടുകളിലെത്തിക്കും.
മറ്റിടങ്ങളിൽ അവശ്യ സാധനങ്ങളുടെ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കുകയുള്ളൂ. മുൻകരുതലിന്റെ ഭാഗമായി പുറത്തിറങ്ങുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കയക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ 53 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
വിദേശത്ത് നിന്ന് വന്ന മുഴുവൻ ആളുകളുടെയും സ്രവ പരിശോധന നടത്തിയിട്ടുണ്ട്. വിദേശത്തു നിന്നും വന്ന 346 പേരെ പരിശോധിച്ചതിൽ നിന്നാണ് രണ്ട് ദിവസങ്ങളിൽ 16 പേർക്ക് കൊവിഡ് പോസറ്റീവായത്. ബാക്കിയുള്ള 214 പേരുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം എത്തും. ഇതോടെ ആശങ്ക അകലുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ കഴിഞ്ഞ ദിവസം കണ്ണൂരിലടക്കം കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറന്റെെൻ ചെയ്യുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ഐ.ജി അശോക് യാദവ് അറിയിച്ചു.