കണ്ണൂർ: കണ്ണവം റിസർവ് ഫോറസ്റ്റിൽ വ്യാജ മദ്യ നിർമ്മാണം തകൃതി. ഇന്നലെ ഉൾവനത്തിൽ നടത്തിയ പരിശോധനയിൽ വലിയ പാറമടക്ക് സമീപമുള്ള ഒരു കേന്ദ്രം നശിപ്പിക്കുകയും 425 ലിറ്റർ വാഷ് കണ്ടെത്തുകയും ചെയ്തു. കൂത്തുപറമ്പ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്തും കണ്ണവം റെയിഞ്ച് ഫോറസ്റ്റും സംയുക്തമായാണ് പരിശോധന നടത്തിയത്. 300 ലിറ്ററിന്റെ വാട്ടർ ടാങ്കിലും 75 ലിറ്റർ 50 ലിറ്ററുകളിലായി രണ്ട് പ്ലാസ്റ്റിക് ബാരലുകളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്. വ്യാജവാറ്റിനുള്ള പാത്രങ്ങളും ഉപകരണങ്ങളും കണ്ടെടുത്തു. പ്രതികളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.
വാഷ് വേട്ടയുടെ അടിസ്ഥാനത്തിൽ കണ്ണവം, ചെറുവാഞ്ചേരി കുന്നോത്ത്പറമ്പ്, കൊളുത്തുപറമ്പ് ഭാഗങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല .പാർട്ടിയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് കുമാർ, സി.പി ശ്രീധരൻ, സി.വി റിജുൻ, എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി ജിതിൻ കുമാർ എന്നിവരും ഉണ്ടായിരുന്നു.