കണ്ണൂർ: വനത്തിലെ ഊടുവഴികളിലൂടെ കർണാടകയിൽ നിന്നും മലയാളികൾ കൂട്ടത്തോടെ കണ്ണൂരിലെത്തുന്നതായി സൂചന. ഇത്തരത്തിൽ നിയമവിരുദ്ധമായി എത്തിയ 36 പേരെ പിടികൂടി ഇരിട്ടിയിലെ നിരീക്ഷണകേന്ദ്രത്തിലാക്കി. നിരത്തിൽ ആളുകളെത്തുന്നതിൽ കുറവു വന്നിട്ടുണ്ടെങ്കിലും ഇത്തരം പ്രവണതകൾ ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. പൂർണമായും അടച്ച 18 ഹോട്ട്സ്‌പോട്ടുകളിൽ ആളുകൾ പുറത്തിറങ്ങിയാൽ പൊലീസ് അറസ്റ്റുചെയ്ത് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുന്നുണ്ട്. ഇന്നലെ 373പേരെ അറസ്റ്റ് ചെയ്തതിട്ടുണ്ട്. വനത്തിലൂടെ രാത്രി എത്തുന്നവരെ കണ്ടെത്തുക പൊലീസിനെ സംബന്ധിച്ചേടത്തോളം പ്രയാസകരമാണ്. 214പേരുടെ പരിശോധന ഫലങ്ങൾ പുറത്തുവരാനിരിക്കെയാണ് കർണാടകയിൽനിന്ന് ആളുകളുടെ വരവ് കൂടുന്നത്.