കണ്ണൂർ: കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തി. ജില്ലയിൽ നേരത്തെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച ഇരുപത്തിരണ്ടോളം നഗര, ഗ്രാമപ്രദേശങ്ങളിലാണിത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് ക്വാറന്റൈൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും.
ഇന്നലെ രാവിലെ കണ്ണൂർ നഗരത്തിൽ നല്ല തിരക്കുണ്ടായിരുന്നെങ്കിലും പൊലീസ് നടപടി കർശനമാക്കിയതോടെ ആളൊഴിഞ്ഞു. ഐ..ജി അശോക് യാദവിന്റെ നേതൃത്വത്തിലാണ് പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലെ ഇടറോഡുകളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. നഗരങ്ങളിലേക്കുള്ള പ്രധാന കവാടങ്ങളിൽ കൂടി മാത്രമാണ് പ്രവേശനം. നിരീക്ഷണത്തിലുള്ളവരുടെ വീടുകൾക്ക് മുന്നിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കി. ഓരോ അഞ്ഞൂറ് മീറ്ററിലും പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഹോട്ട് സ്പോട്ടുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ കടകൾ തുറക്കൂ.
ജില്ലയിൽ കൊവിഡ് ബാധിതർ: 111
രോഗം ഭേദമായത്: 49