കണ്ണൂർ: ഒരാഴ്ച മുമ്പ് കോർപ്പറേഷനിൽ ആരംഭിച്ച മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിൽ ലോക്ക് ഡൗൺ കർശനമാക്കിയതോടെ നിലച്ചു. മേയ് മാസത്തിലേക്ക് മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ നീളുന്ന പതിവ് ഒഴിവാക്കാനാണ് ഇക്കുറി നേരത്തെ പ്രവർത്തനങ്ങളാരംഭിച്ചതെന്നാണ് പറയുന്നത്. എന്നാൽ ജില്ലയിൽ രോഗികളുടെ എണ്ണം കൂടിയതോടെയാണ് കാര്യങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് നീങ്ങിയത്.
ഇന്നലെയോടെ ശുചീകരണവും നിലച്ചു.
നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾക്കായി എല്ലാ സൂപ്പർവൈസറി ഓഫീസർമാരും ഓഫീസിൽ ഹാജരായി ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണം. ശുചീകരണ തൊഴിലാളികളെ ആവശ്യമെങ്കിൽ കൂടുതലായി നിയമിക്കണമെന്നും ഇവർക്ക് തിരിച്ചറിയൽ കാർഡ് നല്കണമെന്നും ഹരിതകർമ്മ സേനാംഗങ്ങളുടെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കേണ്ടതുണ്ടെന്നും സർക്കാർ ഉത്തരവ് നല്കിയിരുന്നു. മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി മാർക്കറ്റുകൾ, അടഞ്ഞുകിടക്കുന്ന പൊതുസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, ഷോപ്പിംഗ് കോംപ്‌ളക്‌സുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുശൗചാലയങ്ങൾ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരിക്കാൻ സർക്കാർ നിർദ്ദേശമുണ്ടായി.
കണ്ണൂർ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതായി മേയർ സുമാ ബാലകൃഷ്ണൻ അറിയിച്ചു. ഇനി പലഭാഗങ്ങളിലായി പ്രവർത്തനങ്ങൾ ബാക്കിയുണ്ട്. പ്രധാനമായും താഴെചൊവ്വ പാലത്തിന് കീഴെയാണ് ശുചീകരണം നടത്താനുള്ളത്. പഴയപാലത്തിന്റെ കോൺക്രീറ്റ് മാലിന്യമുൾപ്പെടെ ഇവിടെ തള്ളിയിട്ടുണ്ടെങ്കിലും പി.ഡബ്‌ള്യു.ഡി ഇവിടെ ശുചീകരണം നടത്തിയിട്ടില്ല.
അറിവില്ലെന്ന് പ്രതിപക്ഷം
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് പറയുമ്പോഴും ഇക്കാര്യങ്ങളെ കുറിച്ച് തങ്ങൾക്ക് അറിവൊന്നുമില്ലെന്ന് പ്രതിപക്ഷം. ഒന്നരമാസമായി കൗൺസിൽ യോഗം ചേർന്നിട്ടില്ല. വാർഷിക പദ്ധതി പോലും നല്കാതെയാണ് ഭരണനേതൃത്വം മുന്നോട്ടുപോകുന്നത്.സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങൾ ചേരാറില്ല. യു.ഡി.എഫിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ കൂടിയിരുന്ന് കാര്യങ്ങൾ തീരുമാനിച്ച് നടപ്പാക്കുകയാണെന്നും പ്രതിപക്ഷനേതാവ് എൻ. ബാലകൃഷ്ണൻ ആരോപിച്ചു.
ബൈറ്റ്
അന്യസംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ശുചീകരണത്തിന് തീരുമാനിച്ചെങ്കിലും ഇനി പ്രവർത്തനങ്ങൾ മേയ് മൂന്നിന് ശേഷമേ സജീവമാകൂ.
സുമാ ബാലകൃഷ്ണൻ, മേയർ