കാസർകോട്: കാസർകോട് ജില്ലയിലെ കൊവിഡ് ഹോട്ട്സ്‌പോട്ട് പട്ടികയിൽ നിന്നും നാലു പഞ്ചായത്തുകളെ ഒഴിവാക്കി. പുതുതായി ഒരു പഞ്ചായത്തിനെ പട്ടികയിൽ ചേർത്തു. രോഗബാധിതരില്ലാതിരുന്ന മഞ്ചേശ്വരം, കോടോംബേളൂർ എന്നീ പഞ്ചായത്തുകളും പള്ളിക്കര, കുമ്പള പഞ്ചായത്തുകളെയുമാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. മുളിയാർ പഞ്ചായത്തിനെ പുതുതായി പട്ടികയിലുപ്പെടുത്തി. ഇതോടെ കാസർകോട്ട് ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 11 ആയി കുറഞ്ഞു.
ജില്ലയിൽ 26 പേരാണ് ഇപ്പോൾ കൊവിഡ് ചികിത്സയിലുള്ളത്. ആരോഗ്യവകുപ്പ് ആദ്യം പുറത്തിറക്കിയ ഹോട്ട്സ്‌പോട്ട് ഏരിയകളുടെ പട്ടികയിൽ രണ്ടു നഗരസഭകളും 12 ഗ്രാമ പഞ്ചായത്തുകളും അടക്കം 14 പ്രദേശങ്ങൾ ഉണ്ടായിരുന്നു. എട്ട് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന മുളിയാറിനെ ഒഴിവാക്കി കൊവിഡ് രോഗികളൊന്നും ഇല്ലാതിരുന്ന കോടോം ബേളൂർ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തുകളെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് വിമർശനം ഉയർന്നിരുന്നു. മംഗളുരു ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടു പേർ ഈ പഞ്ചായത്തുകളിൽ ആയതിനാലാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു കളക്ടർ ഡോ. ഡി സജിത് ബാബുവിന്റെ വിശദീകരണം. എന്നാൽ അടുത്ത ദിവസം ആരോഗ്യവകുപ്പ് ഡയറകടറേറ്റിൽ നിന്ന് ഇറങ്ങിയ പുതുക്കിയ ഉത്തരവിൽ അപാകതകൾ തിരുത്താൻ തയ്യാറായി. മുളിയാറിനെ ഉൾപ്പെടുത്തുകയും മറ്റു പഞ്ചായത്തുകളെ ഒഴിവാക്കുകയും ചെയ്തു. അതേസമയം പള്ളിക്കര, കുമ്പള എന്നീ പഞ്ചായത്തുകൾ പുതിയ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.