കണ്ണൂർ: വാർഷിക പദ്ധതി നിശ്ചിതസമയത്ത് സമർപ്പിക്കാതിരുന്ന കണ്ണൂർ കോർപ്പറേഷൻ ഭരണസമിതി ജനവിരുദ്ധവും വികസന വിരുദ്ധവുമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ജില്ലയിൽ വാർഷിക പദ്ധതി സമർപ്പിക്കാത്ത ഏക തദ്ദേശ സ്ഥാപനമാണ് കണ്ണൂർ കോർപ്പറേഷൻ. കൊവിഡ് 19 ന്റെ ലോക്ക് ഡൗൺ വരുന്നതിനും 10 ദിവസം മുമ്പ് പദ്ധതി സമർപ്പിക്കാനായിരുന്നു തദ്ദേശ വകുപ്പ് നൽകിയ നിർദ്ദേശം. സമയ പരിധി രണ്ട് തവണ നീട്ടി നൽകി. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ സമിതി അംഗീകാരം നേടിയിരിക്കുകയാണ്.
കോർപ്പറേഷന് ഈ വർഷം സർക്കാർ നൽകുന്ന ഗ്രാൻഡ് 56.51 കോടിയാണ്. ഒന്നാം ഗഡുവായി 13.18 കോടി അനുവദിച്ചു. എന്നിട്ടും പദ്ധതികൾ സമർപ്പിക്കാത്തത് കുറ്റകരമായ വീഴ്ചയാണ്. ഒരു വികസന പദ്ധതിയും നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ട് സംഭവിച്ചിരിക്കുന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ട കോർപ്പറേഷൻ ഭരണനേതൃത്വം ഒരു നിമിഷം പോലും വൈകാതെ രാജിവച്ച് പോകേണ്ടവരാണെന്ന് വ്യക്തമായിരിക്കുകയാണെന്നും എം.വി ജയരാജൻ പറഞ്ഞു.