കാസർകോട് :വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും കൗമാരക്കാർക്കുമെല്ലാമായി വനിതാ ശിശുവികസന വകുപ്പിന്റെ പ്രതിദിന വാട്സ്ആപ്പ് പ്രക്ഷേപണം ആരംഭിച്ചു. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച് വിവിധ വിഷയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള'പോഷൻ വാണി' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രക്ഷേപണത്തിലൂടെ സ്ത്രീകളെയും കുട്ടികളെയും അവകാശങ്ങൾ, നിയമങ്ങൾ, സംരക്ഷണ സംവിധാനങ്ങൾ, ആരോഗ്യം, പോഷണം തുടങ്ങി വ്യത്യസ്ത വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്.
സംഭാഷണം, ലഘു നാടകം, ഗാനം, അഭിമുഖം എന്നിങ്ങനെയാണ് പരിപാടിയി അവതരിപ്പിക്കുന്നത്. വകുപ്പ് മന്ത്രി കെ.കെ ശൈലജ ഡിസംബറിൽ ഉദ്ഘാടനം ചെയ്ത പോഷൺ വാണി കോവിഡ് കാലത്ത് ബോധവൽക്കരണ മാദ്ധ്യമമായി പ്രവർത്തിക്കുകയാണ്. വിവിധ ജില്ലകളിൽ നിന്നുമുള്ള പോഷകാഹാര റെസിപ്പികൾ, കുട്ടികളുടേയും അംഗൺവാടി ജീവനക്കാരുടേയും കരവിരുതുകൾ, സർഗ്ഗ വാസനകൾ, സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ച ബ്രോഷറുകൾ, വാർത്തകൾ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് തീയ്യതി സഹിതം വരുന്ന വാട്സ് ആപ്പ് ചാനലിലൂടെ നിരവധി പേരിലേക്ക് എത്തുന്നത്.
വിവിധ ജില്ലകളിൽ നിന്നും വകുപ്പിന് ലഭിക്കുന്നവയിൽ നിന്നും തിരഞ്ഞെടുത്ത സൃഷ്ടികളും റെസിപ്പികളും സർഗ്ഗവാസനകളുമാണ് പോഷൺവാണിയിൽ പ്രക്ഷേപണം ചെയ്യുന്നത്. കേരളത്തിലെ അങ്കണവാടി സംവിധാനങ്ങളിലൂടെ വകുപ്പിന്റെ സേവനങ്ങളും അറിയിപ്പുകളും പോതുജനങ്ങളിലേക്ക് എത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. അങ്കണവാടി വർക്കർമാരുടെ ഗ്രൂപ്പുകളിലൂടെയാണ് ഈ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തുന്നത്.
പടം പോഷൺ വാണി