കാസർകോട് : അടിയന്തര സാഹചര്യം കണക്കിലെടുത്ത് കാസർകോട് ജില്ലയിലെ വിവിധ ആശുപത്രികളിലേക്കായി ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ശരീരകോശങ്ങളെ ദോഷകരമായി ബാധിക്കാത്ത (നോൺ ഇൻവാസിവ്) മൂന്ന് വെന്റിലേറ്ററുകൾ ലഭ്യമാക്കി. വിഗാർഡ് ആണ് വെന്റിലേറ്ററുകൾ സൗജന്യമായി നൽകിയത്.
കോയമ്പത്തൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിഗാർഡ് സീനിയർ മാനേജർ പ്രദീഷ് പി മുൻകൈയെടുത്താണ് വെന്റിലേറ്റർ ലഭ്യമാക്കിയത്. കാസർകോടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് അടിയന്തര ഘട്ടത്തിൽ ലഭ്യമാക്കിയ വെന്റിലേറ്റർ കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാശുപത്രി, പനത്തടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഓരോ വെന്റിലേറ്റർ ഉപയോഗിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. വി. രാംദാസ് അറിയിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രത്യേക വാഹന സൗകര്യം ഉപയോഗിച്ചുകൊണ്ടാണ് കോയമ്പത്തൂരിൽ നിന്നും കാഞ്ഞങ്ങാട് വെന്റിലേറ്റർ എത്തിച്ചത്. കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ വി വെന്റിലേറ്റർ ഏറ്റു വാങ്ങി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എ. ടി. മനോജ്, ജില്ലാ ആശുപത്രി ആർ. എം .ഒ ഡോ. റിജിത് കൃഷ്ണൻ, സീനിയർ സൂപ്രണ്ട് ഗിരീഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പടം.. കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ പ്രകാശ് കെ വി വെന്റിലേറ്റർ ഏറ്റുവാങ്ങുന്നു