പാനൂർ: കൊറോണ വ്യാപനത്തിന്റെ് ഭാഗമായി പാനൂർ ,മൊേേകരി , പാട്യം,മേഖലകളിൽ പ്രതിരോധ നടപടികൾ തീവ്രമാക്കി .ഈ പ്രദേശങ്ങളിലെ മെയിൻ റോഡിലേക്ക് കടന്നു വരുന്ന എല്ലാ പോക്കറ്റ് റോഡുകളും അടച്ചു കഴിഞ്ഞു.ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, അത്യാവശ്യ ജീവനക്കാർ എന്നിവരെ മാത്രമെ കടത്തിവിടുന്നുള്ളു.
നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്തവരുടെ പേരിൽ കേസെടുത്തു. പാനൂരിലെ ഓപ്പൺ കിച്ചൺ കഴിഞ്ഞ ദിവസം ഒഴിവാക്കി.ഇവിടെ എത്തുന്നവരെ പൂക്കോത്ത് പ്രവർത്തിക്കുന്ന ഓപ്പൺ കിച്ചണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പാനൂർനഗരസഭ ചെയർപേഴ്സൺ ഇ.കെ.സുവർണ്ണ പറഞ്ഞു. പ്രദേശങ്ങളിൽ കടകളിൽ സാധനം വാങ്ങിക്കുന്നത് ഹോംഡലിവറിയിലൂടെ മാത്രമാക്കി. മെഡിക്കൽഷോപ്പ് ,റേഷൻ കട,ബാങ്ക് എന്നിവയാണ് നിർദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നത്.ആവശ്യമുള്ളവർക്ക് മെഡിക്കൽ ഷോപ്പിൽ വിളിച്ചാൽ മരുന്ന് വീട്ടിലെത്തിക്കും.
മൊകേരി പഞ്ചായത്തിൽ ഇത് വരെ മൂന്നുപേർക്കാണ് രോഗബാധയുണ്ടായിരുന്നത്. ഇതിൽ ഒരു ഫലം നെഗറ്റീവായി.പാത്തിപ്പാലത്ത് ഗൾഫിൽ നിന്നും വന്നയാൾക്ക് 28 ദിവസം കഴിഞ്ഞാണ് രോഗം സ്ഥിരീകരിച്ചത്.ഇയാൾ ബന്ധപ്പെട്ട 19 പേർ നിരീക്ഷണത്തിലാണ്.ഈ ഭാഗത്തെ എല്ലാ റോഡുകളും അടഞ്ഞുകിടക്കുകയാണ്. പാത്തിപ്പാലത്ത് ഇന്നു മുതൽ ഒരു കട മാത്രം തുറന്ന് ഹോംഡലിവറിയിലൂടെ സാധനങ്ങൾ വീട്ടിലെത്തിക്കും.മൊകേരിയിലെ മിക്ക റോഡുകളും പൊതു സ്ഥാപനങ്ങളും ശുചീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വത്സൻ പറഞ്ഞു.