കാസർകോട്: മാലിദ്വീപിൽ കുടുങ്ങിയ മലയാളികൾ കൊവിഡ് ഭീതിയിൽ നാട്ടിലേക്ക് മടങ്ങി വരാൻ കഴിയാതെ വിഷമവൃത്തത്തിൽ. 1200 ദ്വീപുകളായി ചിതറിക്കിടക്കുന്ന മാലിയിൽ 2000 ത്തോളം മലയാളി അദ്ധ്യാപകർ തന്നെയുണ്ട്. ആകെയുള്ള 5000 ത്തോളം മലയാളികളിൽ ബാക്കിയുള്ളവർ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. നാലു ലക്ഷത്തോളം മാത്രമാണ് മാലിയുടെ ജനസംഖ്യ.

കൊവിഡിനെ ഭയന്ന് മുറിക്കുള്ളിൽ അടച്ചിരിക്കുകയാണ് ഭൂരിഭാഗവും. അധികൃതരും താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളും അവശ്യ സാധനങ്ങൾ വാങ്ങിക്കുന്നതിന് പോലും മലയാളികളെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. വ്യാമ, കപ്പൽ ഗതാഗതങ്ങൾ നിലച്ചതിനാൽ മടക്കയാത്ര അസാധ്യമാണ്. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരാണ് മാലിയിലെ മലയാളികളിലേറെയും. ആഴ്ചകൾക്ക് മുമ്പ് വരെ കൊവിഡ്‌ മാലിദ്വീപിനെ ബാധിച്ചില്ലെങ്കിലും ഇപ്പോഴത്തെ അവസ്ഥ ഭീതിജനകമാണ്.

മൊത്തം ജനസംഖ്യയുടെ പകുതിയോളം പേർ താമസിക്കുന്ന തലസ്ഥാനമായ മാലെ സിറ്റിയിൽ നാല് ദിവസം മുമ്പാണ് കൊവിഡ് ബാധയുണ്ടായത്. ഇപ്പോഴത് അമ്പത് കഴിഞ്ഞു. ഓരോ ദിവസവും രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്. ഒറ്റപ്പെട്ട് കിടക്കുന്ന ടൂറിസ്റ്റ് ദ്വീപുകളിൽ മുമ്പ് കൊവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തിരുന്നു. രോഗ ബാധിതനായ ആൾക്ക് രോഗം എവിടെ നിന്ന് ലഭിച്ചു എന്ന് കണ്ടെത്താൻ സാധിക്കാത്തതിനാലും രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചേർന്നതിനാലും സർക്കാർ ഗൗരവത്തിൽ എടുത്തിരിക്കുകയാണ്.

മാലെ സിറ്റിയിൽ മാത്രം നിരവധി ആളുകൾക്ക് രോഗം പിടിപെടാൻ സാധ്യതയുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും മാലി ആരോഗ്യവകുപ്പ് പറയുന്നു. മറ്റ് ദ്വീപുകളിലേക്ക് മരുന്നും ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും എത്തുന്നത് മാലെ സിറ്റി വഴി മാത്രമാണ്. നിലവിൽ രാജ്യത്ത് ആശുപത്രി സംവിധാനങ്ങളും മറ്റും അപര്യാപ്തമാണ്. ഭക്ഷ്യ ആരോഗ്യ രംഗത്ത് സർക്കാർ എല്ലാ നിലയിലുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ അതീവ ശ്രദ്ധപുലർത്തുന്നുണ്ട്.

ദ്വീപുകളിലേക്ക് രോഗ വ്യാപനം ഉണ്ടായാൽ സ്ഥിതി വഷളാകും. നിലവിൽ ഒരു മലയാളിക്കും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതിൽ ഇവർ ആശ്വാസം കൊള്ളുന്നുണ്ട്. അതിനാൽ ഇവരെ സുരക്ഷിതമായി ഇപ്പോൾ നാട്ടിലെത്തിക്കാൻ പ്രയാസമുണ്ടാകില്ല. ഏതെങ്കിലും മാർഗം ഉപയോഗിച്ച് തങ്ങളെ നാട്ടിലെത്തിക്കണമെന്ന ആവശ്യം മാലിയിലെ പ്രവാസികൾക്ക് ഇടയിൽ ശക്തമാണ്.