കാസർകോട് :കൊവിഡ് ഭീതിക്കിടെ മലയോരമേഖലയിൽ ഡെങ്കിപ്പനി പടരുന്നത് ജനങ്ങളിൽ ആശങ്ക പരത്തുന്നു. മലയോര പ്രദേശങ്ങളായ വെസ്റ്റ് എളേരി, കുറ്റിക്കോൽ, പാണത്തൂർ, നർക്കിലക്കാട്, ബേഡഡുക്ക ഇനി പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഫീൽഡ് വിഭാഗം ജീവനക്കാരും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും സംയുക്തമായി ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവത്ക്കരണവും നടത്തുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ കാണപ്പെടുന്ന ചിരട്ട , മുട്ടത്തോട് , ടയർ , വീടിനു പരിസരത്തും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കവുങ്ങിൻ തോട്ടങ്ങലെ പാളകൾ ,വീടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ടാർപോളിൻ ഷീറ്റുകൾ ,കവുങ്ങിൻ തോട്ടങ്ങളിലെ സ്പ്രിംഗ്ലർ ഉപയോഗിച്ച് നടപ്പിലാക്കുന്ന ജലസേചനം, റബ്ബർ ചിരട്ടകൾ, കൊക്കോ ചെടികളുടെ കായ ഇലകൾ എന്നിവയാണ് പ്രധാനമായും മലയോരമേഖലകളിൽ കൊതുക് ഉറവിടങ്ങളായി കണ്ടെത്തിയതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. തോട്ടം ഉടമകൾ ഉറവിട നശീകരണത്തിനു കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. വേനൽ മഴ ലഭിച്ച സ്ഥലങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജനങ്ങളുടെയും പൂർണ്ണമായ സഹകരണത്തോടെ സാമൂഹ്യ അകലം ഉറപ്പുവരുത്തി ഉറവിടങ്ങൾ നശിപ്പിക്കണം.

ഡങ്കി ഡൗൺ ചാലഞ്ച്

ഡെങ്കി പനി പ്രതിരോധത്തിന് ഡെങ്കു ഡൗൺ ചലഞ്ചുമായി ആരോഗ്യവകുപ്പ് .ജനങ്ങൾ വീട്ടിലിരിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തി വീടിന് ചുറ്റുമുള്ള കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തുകയും അതിന്റെ ഫോട്ടോയും കൂടാതെ ആ ഉറവിടം ഇല്ലാതാക്കിയ ശേഷമുള്ള ഫോട്ടോയും എടുത്ത് താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കണം. ഏറ്റവും മികച്ച തെരഞ്ഞെടുത്ത ഫോട്ടോ അയക്കുന്നവർക്ക് സമ്മാനം നൽകും. ഫോട്ടോ നൽകുമ്പോൾ പേര്, സ്ഥലം, ഫോൺ നമ്പർ ലൊക്കേഷൻ പേരും, വാർഡ് നമ്പരും തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരും അറിയിക്കണം. വാട്സ് ആപ് നമ്പർ: 6282154544. അവസാനതീയതി ഏപ്രിൽ 30.

ഡെങ്കിപ്പനി തടയാൻ മലയോരത്ത് ഫോഗിംഗ്