കണ്ണൂർ: കോർപ്പറേഷൻ 2020-21ലെ വാർഷിക പദ്ധതി സമർപ്പിക്കാത്തതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എൻ. ബാലകൃഷ്ണൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും നഗരകാര്യ ഡയറക്ടർക്കും പരാതി നല്കി. മാസങ്ങൾക്ക് മുമ്പ് വികസന സെമിനാർ ചേർന്ന് അംഗീകരിച്ച വാർഷിക പദ്ധതി യഥാസമയം ഡി.പി.സിക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങാതെ കോർപ്പറേഷൻ വികസന സ്വപ്നങ്ങൾ ഇല്ലാതാക്കിയിരിക്കുകയാണ്. കോർപ്പറേഷനിൽ തികഞ്ഞ ഭരണസ്തംഭനമാണ്. യു.ഡി.എഫിലെ ചില കൗൺസിലർമാരെ വിളിച്ച് ജനാധിപത്യവിരുദ്ധമായാണ് മേയർ പ്രവർത്തിക്കുന്നത്. സ്വന്തം പദ്ധതികൾ നടപ്പാക്കാൻ കഴിവില്ലാത്ത ഭരണക്കാർ കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നടത്തി മേനിനടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.