കണ്ണൂർ: അഞ്ചരക്കണ്ടി കൊവിഡ് 19 ആശുപത്രിയിലെ രണ്ടാമത്തെ മെഡിക്കൽ സംഘം രണ്ടാഴ്ചക്കാലത്തെ നിരീക്ഷണത്തിലേക്ക് മാറി. 10 ഡോക്ടർമാർ, 4 ഹെഡ്‌നഴ്‌സ്, 23 സ്റ്റാഫ് നഴ്‌സുമാർ, 12 നഴ്‌സിംഗ് അസിസ്റ്റന്റുമാർ, 2 ജെ.എച്ച്.ഐമാർ, 8 പാരാമെഡിക്കൽ സ്റ്റാഫുമാർ, 2 ഫാർമസിസ്റ്റ്, ഒരോ ലാബ് ടെക്‌നീഷ്യൻ, എക്‌സറേ ടെക്‌നീഷ്യൻ,10 ക്ലീനിംഗ് സ്റ്റാഫുമാർ എന്നിങ്ങനെ 73 പേരാണ് പ്രത്യേക സംഘത്തിലുള്ളത്. ആദ്യ ബാച്ച് നിരീക്ഷണത്തിൽ പോയശേഷം ഏപ്രിൽ ഒമ്പതിനാണ് ഈ സംഘം ജോലിയിൽ പ്രവേശിച്ചത്. കൃത്യമായ പരിചരണത്തിലൂടെ രോഗികൾക്ക് ആശ്വാസമാകാൻ കഴിഞ്ഞതിന്റെ ആത്മനിർവൃതിയിലാണ് ഈ 73 പേരും.
10 പേരാണ് ഈ കാലയളവിൽ രോഗവിമുക്തരായി ആശുപത്രി വിട്ടത്.
ചികിത്സയിൽ ഉള്ളവരിൽ പ്രായമായവരും കുട്ടികളും കൂടി ഉൾപ്പെട്ടതിനാൽ കൂട്ടിരിപ്പുകാരുടെ കടമ കൂടി നിർവഹിക്കേണ്ടിവന്നതായും ഇവർ പറയുന്നു. പി.പി.ഇ കിറ്റിനുള്ളിൽ മറഞ്ഞിരിക്കുന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മുഖം നേരിട്ട് കാണാൻ സാധിച്ചതിലുള്ള സന്തോഷവും രോഗികൾക്ക് ആശ്വസാകമാകുന്നുണ്ട്. പുതുതായി ആരംഭിച്ച റോബോട്ടിക് സംവിധാനത്തിലൂടെ വീഡിയോ റൗണ്ട്‌സ് നടത്തിയാണ് ഡോക്ടർമാർ രോഗികളുമായി സംവദിക്കുന്നത്.
രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ തങ്ങളുടെ ഉത്തരവാദിത്തം ഏറുകയാണെ ന്ന് ആശുപത്രിയിലെ നോഡൽ ഓഫീസർ ഡോ. സി അജിത്ത് കുമാർ പറയുന്നു. പ്രായമായവർക്ക് മാനസിക പിന്തുണ നൽകലായിരുന്നു ഇതിൽ ഏറ്റവും പ്രധാന്യം. വീഡിയോ റൗണ്ട്‌സ് തുടങ്ങിയതോടെ ഇത് കൂടുതൽ എളുപ്പമായതായി അദ്ദേഹം വ്യക്തമാക്കി.
സംഘത്തിൽ ഇല്ലാതിരുന്നിട്ടും കൊവിഡ് പോരാട്ടത്തിന്റെ ഭാഗമാകണമെന്ന നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് വന്ന ഡോക്ടർ അമൃത, സംഘത്തിലെ ദമ്പതിമാരായ ഡോക്ടർ അപർണ്ണയും ഡോക്ടർ അഖിലും ഇങ്ങനെ ഒട്ടനവധി പേരും പോരാട്ടത്തിലെ താരങ്ങളായുണ്ട്. കണ്ണൂരിലെ ബ്ലൂനെയിൽ ഹോട്ടലിലെ നിരീക്ഷണത്തിലേക്ക് പോകുമ്പോൾ ഈ രണ്ടാഴ്ചക്കാലത്തെ അനുഭവങ്ങൾ പകർത്തിവെക്കാൻ തന്നെയാണ് സംഘാംഗങ്ങളുടെ തീരുമാനം. സഹപ്രവർത്തകർ കൈയടിച്ചും സുരക്ഷാ ജീവനക്കാർ സല്യൂട്ട് നൽകിയുമാണ് സംഘത്തെ യാത്രയാക്കിയത്.