തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രം ജീവനക്കാരനായ കടന്നപ്പള്ളിയിലെ കെ.സി.കേശവന് ജോലി ചെയ്യാൻ ദിവസേന നടന്നുപോകേണ്ടിവരുന്നത് 28 കിലോമീറ്റർ.നടന്നുനടന്ന് കാലുകൾക്ക് നീരുവച്ചത് കാരണം കാൽമുട്ടുകൾക്ക് ബാൻഡേജിട്ടാണ് ഇപ്പോഴത്തെ നടത്തം. ക്ഷേത്രത്തിന്റെ ചുമതല ഒഴിവാക്കാൻ പറ്റാത്തതാണ്. ഇങ്ങനെ നടന്ന് കാലുതേഞ്ഞതിന് പിന്നിൽ മകനോട് പൊലീസുകാരിൽ ചിലർക്കുള്ള വൈരാഗ്യമാണെന്ന് കേശവൻ പറയുമ്പോഴാണ് നടത്തം ഒരു ശിക്ഷ കൂടിയാകുന്നത്.
പരിയാരം കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥിയായ മകൻ കഴിഞ്ഞ 25 ന് രാവിലെ അച്ഛനെ ബൈക്കിൽ കയറ്റി ക്ഷേത്രത്തിലാക്കി മടങ്ങുമ്പോൾ ചുടലയിൽ വച്ച് ചില പൊലീസുകാർ തടഞ്ഞു. സത്യം പറഞ്ഞിട്ടും കൂട്ടാക്കാത്ത പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് കേശവനും മകനും സ്റ്റേഷനിലെത്തി എസ്. എച്ച് .ഒ യെ നേരിൽ കണ്ട് വിവരം പറഞ്ഞപ്പോൾ പിഴയടച്ച് ബൈക്ക് വിട്ടുകൊടുക്കാമെന്ന് പറഞ്ഞതാണ്. എന്നാൽ പൊലീസുകാർ പിഴ സ്വീകരിക്കാതെ ബൈക്ക് കസ്റ്റഡിയിൽ തന്നെ വച്ചുവെന്ന് ഇവർ പറയുന്നു. പിന്നീട് പല തവണ എസ്.എച്ച്.ഒയെ കണ്ടുവെങ്കിലും കാര്യം നടന്നില്ലെന്ന് കേശവൻ പറഞ്ഞു. അന്നുമുതൽ കടന്നപ്പള്ളിയിൽ നിന്നും ക്ഷേത്രത്തിലേക്കും തിരികെയും 28 കിലോമീറ്റർ ദൂരം നടക്കുകയാണ്. ബൈക്ക് വിട്ടുകിട്ടിയിരുന്നുവെങ്കിൽ നടപ്പിന്റെ ദുരിതം തീരുമെന്നാണ് കേശവൻ പറയുന്നത്.
പടം ദേശീയപാതയിലൂടെ നടന്നുപോകുന്ന കെ.സി.കേശവൻ.