കണ്ണൂർ: കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 111ലെത്തിയതോടെ കണ്ണൂർ ജില്ലയിൽ സ്ഥിതി അതീവഗുരുകരമാണെന്ന് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് നിലവിൽ കേസുകൾ കൂടുതലുള്ള ജില്ലയെന്ന നിലയിൽ സുരക്ഷ ശക്തമാക്കാൻ നിർദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ കൂടുതൽ ശക്ത മാക്കിയിരിക്കുകയാണ്. റോഡുകൾ പലതും അടച്ചിട്ടിരിക്കുകയാണ്. ഐ.ജി അശോക് യാദവിന്റെ മേൽനോട്ടത്തിൽ മൂന്ന് എസ്.പിമാരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന ഉൾപ്പെടെ നടത്തുന്നത്. എസ്.പി യതീഷ് ചന്ദ്രയ്ക്ക് പുറമെ എസ്.പിമാരായ നവനീത് ശർമ, അരവിന്ദ് സുകുമാർ എന്നിവർക്കാണ് ചുമതല. ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങൾ പൂർണമായി സീൽ ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയതോടെ നിരത്തിൽ ഇന്നലെ വാഹനങ്ങൾ കുറഞ്ഞു. ഇന്ന് മുതൽ അവശ്യസാധനങ്ങൾക്ക് ഹോം ഡെലിവറി സംവിധാനം ഉപയോഗിക്കണമെന്ന് കൂടി ജില്ലാ ഭരണകൂടം നിർദ്ദേശം നല്കിയതോടെ ജോലിക്കായി പുറത്തിറങ്ങുന്ന വാഹനങ്ങൾ മാത്രമേ ഇനി അനുവദിക്കൂ. എന്നാൽ ഇതിനിടെ ഉണ്ടായ ഇളവുകൾ അനുസരിച്ച് ചില ദിവസങ്ങളിൽ തുറക്കുന്ന കടകളുടെ കാര്യത്തിലുൾപ്പെടെ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇന്നലെ ഇതിൽ ചില കടകൾ മാത്രമാണ് തുറന്നത്. റോഡുകൾ പലയിടത്തും അടച്ചിട്ടതും രോഗികൾക്ക് ഉൾപ്പെടെ യാത്ര ചെയ്യുന്നതിന് തടസമായതായും ആക്ഷേപമുണ്ട്.
അതേസമയം ജില്ലയിൽ 28 ദിവസം കൊറന്റീനിൽ കഴിഞ്ഞശേഷം നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നതുൾപ്പെടെ ആശങ്കയ്ക്കിടയാക്കി. ഇതേതുടർന്ന് ആരോഗ്യവകുപ്പ് മാർച്ച് 12 ന് ശേഷമെത്തിയ എല്ലാ പ്രവാസികളുടെയും അവരുമായി നേരിട്ട് സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധിക്കാൻ തീരുമാനിച്ചതായാണ് അറിയുന്നത്. രോഗ ലക്ഷണമില്ലെങ്കിലും ഇവരുടെ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കും.