കണ്ണൂർ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്സ്‌പോട്ടുകളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. അഞ്ച് മുനിസിപ്പാലിറ്റികളും 19 പഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്. കൊറോണ പോസിറ്റീവ് കേസുകൾ, പ്രൈമറിസെക്കന്ററി കോൺക്ടാ്ര്രകുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.
കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂർ, തലശേരി, പാനൂർ മുൻസിപ്പാലിറ്റികളും പാട്യം, മാടായി, നടുവിൽ, പെരളശേരി, കോട്ടയം, ചിറ്റാരിപ്പറമ്പ, കുന്നോത്തുപറമ്പ്, പാപ്പിനിശ്ശേരി, മാട്ടൂൽ, ചെമ്പിലോട്, മാങ്ങാട്ടിടം, ഏഴോം, എരുവേശ്ശി, ന്യൂമാഹി, പന്ന്യന്നൂർ, കൂടാളി, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി പഞ്ചായത്തുകളുമാണ് ജില്ലയിലെ ഹോട്ട് സ്‌പോട്ടുകൾ.
ഇവിടെ തെരഞ്ഞെടുക്കപ്പെട്ട മരുന്ന് ഷാപ്പുകളല്ലാത്ത മറ്റൊരു വ്യാപാര സ്ഥാപനവും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഏതൊക്കെ മരുന്നു ഷാപ്പുകൾ പ്രവർത്തിപ്പിക്കണമെന്ന് ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ തീരുമാനിക്കും. ബാങ്കുകളും പ്രവർത്തിക്കില്ല. റേഷൻ ഷാപ്പുകളിൽ നിന്ന് ഹോം ഡെലിവറിയിലൂടെ മാത്രമേ സാധനങ്ങൾ വിതരണം ചെയ്യൂ. ആരും റേഷൻ സാധനങ്ങൾ വാങ്ങാൻ റേഷൻ ഷോപ്പുകളിലേക്ക് പോവരുത്. കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കും. കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി ഓഫീസുകളും പ്രവർത്തിക്കും. ഈ ഓഫീസുകളിലെ ജീവനക്കാർക്ക് സഞ്ചാര വിലക്കില്ല. തദ്ദേശ സ്ഥാപനങ്ങൾ അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി ഉറപ്പുവരുത്തും. വീടുകളിൽ വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങൾ ലഭ്യമാക്കുന്നതിന് അത്യാവശ്യമുള്ള കടകൾ തുറക്കുമെങ്കിലും അവിടേക്ക് സാധനങ്ങൾ വാങ്ങാൻ പൊതുജനങ്ങൾ പോകുന്നത് വിലക്കിയിട്ടുണ്ട്. സാധനങ്ങൾ വീടുകളിലെത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാരെ പൊലിസ് തടയില്ല. ആരോഗ്യ വകുപ്പ് ജീവനക്കാർ, അവശ്യ സർക്കാർ ഓഫീസ് ജീവനക്കാർ, ജില്ലാ കലക്ടറുടെയോ ജില്ലാ പോലിസ് മേധാവിയുടെയോ പാസ്സുള്ള വളണ്ടിയർമാർ തുടങ്ങിയവരെയും യാത്ര ചെയ്യാൻ പൊലിസ് അനുവദിക്കും. മാധ്യമ പ്രവർത്തകർക്കും വിലക്കില്ല.

ഏഴു പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു
കണ്ണൂർ: ജില്ലയിൽ ഏഴു പേർക്കു കൂടി ഇന്നലെ കൊറോണബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. ഇവരിൽ നാലു പേർ ദുബായിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയവരാണ്. രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
മാർച്ച് 19ന് എ.ഐ 938 വിമാനത്തിൽ കരിപ്പൂർ വഴിയെത്തിയ കോളയാട് സ്വദേശി (33), 20ന് ഐ.എക്സ് 344 വിമാനത്തിൽ കരിപ്പൂർ വഴിയെത്തിയ പത്തായക്കുന്ന് സ്വദേശി (57), 21ന് ഇകെ 532 വിമാനത്തിൽ നെടുമ്പാശ്ശേരി വഴിയെത്തിയ മൊകേരി സ്വദേശി (58), ഇ.കെ 568 വിമാനത്തിൽ ബെംഗളൂരു വഴിയെത്തിയ കണിച്ചാർ സ്വദേശി (30) എന്നിവരാണ് ദുബായിൽ നിന്നെത്തിയവർ. 25കാരിയായ ചെങ്ങളായി സ്വദേശിനി ഡൽഹിയിൽ നിന്ന് മാർച്ച് 20ന് പുറപ്പെട്ട നിസാമുദ്ദീൻതിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ (22634) ബി5 കോച്ചിൽ 22നാണ് കണ്ണൂരിലെത്തിയത്. കോട്ടയം മലബാർ സ്വദേശികളായ 39 വയസ്സുകാരനും ഒൻപത് വയസ്സുകാരിയുമാണ് സമ്പർക്കം വഴി രോഗബാധ ഉണ്ടായ രണ്ടുപേർ.
ഏഴു പേരിൽ ചെങ്ങളായി സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ബാക്കിയുള്ളവർ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ നിന്നുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.
ഇതോടെ ജില്ലയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. ഇവരിൽ 49 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
കൊറോണ ബാധ സംശയിച്ച് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത് 3336 പേരാണ്. ഇതുവരെ ജില്ലയിൽ നിന്നും 2432 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2202 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 2052 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 230 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.