കാസർകോട്: കൊവിഡ് ഭീഷണി ഒഴിയാത്തതിനാൽ കാസർകോട്ടെ ഹോട്ട്സ്‌പോട്ടുകളിൽ മേയ് മൂന്ന് കഴിഞ്ഞാലും അടച്ചുപൂട്ടൽ തുടരും. നിലവിലുള്ള സാഹചര്യത്തിൽ കാസർകോട് തുടരുന്ന ട്രിപ്പിൾ ലോക്കിൽ ഇളവ് നൽകരുതെന്നാണ് ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിലപാട്. നിയന്ത്രണങ്ങൾ എളുപ്പം പിൻവലിച്ചാൽ സ്ഥിതി ഗുരുതരം ആകുമെന്നാണ് വിലയിരുത്തൽ.
രോഗ പ്രതിരോധത്തിൽ രാജ്യത്തിന് മാതൃകയായി രോഗികൾ കുറയുമ്പോഴും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട് സ്‌പോട്ടായി കാസർകോട് ജില്ല നിലനിർത്തും. ഈ പ്രദേശങ്ങളിൽ ജനങ്ങൾ പഴയ പോലെ പുറത്തിറങ്ങിയാൽ സ്ഥിതി വഷളാകും. അതിനാൽ കടുത്ത നിയന്ത്രണങ്ങൾ മെയ് മൂന്നിന് ശേഷവും തുടരും. കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകളും അജാനൂർ, ഉദുമ, ചെമ്മനാട്, ചെങ്കള, മധൂർ, മൊഗ്രാൽപുത്തൂർ, പൈവളികെ, ബദിയടുക്ക, മുളിയാർ പഞ്ചായത്തുകളുമാണ് ജില്ലയിലെ 11 ഹോട്ട് സ്‌പോട്ടുകൾ.
ഇവിടങ്ങളിൽ പൊലീസിന്റെ ഡബിൾ ലോക്ക്‌ഡൗണും ട്രിപ്പിൾ ലോക്ക്‌ഡൗണുമുള്ള പ്രദേശങ്ങളുണ്ട്. ഏഴ് പൊലീസ് സ്‌റ്റേഷൻ പരിധികളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ. തളങ്കര, നെല്ലിക്കുന്ന്, ഏരിയാൽ, മഞ്ചത്തടുക്ക, അണങ്കൂർ, കൊല്ലംപാടി, ചാല, ചെർക്കള, ചെങ്കള, ബെവിഞ്ച, തെക്കിൽ ഫെറി, ചേരൂർ, കളനാട്, ചെമ്പരിക്ക ബസാർ, നാലാംവതുക്കൽ, ഉദുമ, മീത്തലെ മാങ്ങാട്, മുല്ലച്ചേരി, ഇയ്യാള, പള്ളിക്കര, കല്ലിങ്കാൽ, ആലാമിപ്പള്ളി, കല്ലൂരാവി എന്നീ 23 ഇടങ്ങളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ. ഇവിടങ്ങളിൽ പുറത്തിറങ്ങുന്നവരെ പിടികൂടാൻ പൊലീസിന്റെ ഫ്ലൈയിങ്ങ് സ്‌ക്വാഡും ബൈക്ക് പട്രോളിങ്ങും ഡ്രോൺ നിരീക്ഷണവും ശക്തമാണ്.
നിരീക്ഷണത്തിലുള്ളവരുടെ അഞ്ചു വീടുകൾ വീതം കേന്ദ്രീകരിച്ച് പൊലീസ് കാവലുമുണ്ട്. നിരീക്ഷണത്തിലുള്ളവരെ മൊബൈൽ ഫോണിൽ ഘടിപ്പിച്ച ആപ്പ് വഴി നിരീക്ഷിക്കുന്നു. തെറ്റിച്ചവരെ കേസെടുത്ത് സർക്കാരിന്റെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ട്. ഇത്തരക്കാരെ പാർപ്പിക്കാൻ ലോഡ്‌ജുകളിലും മറ്റിടങ്ങളിലുമായി മുറികളുണ്ട്. ലോക്ക്‌ഡൗൺ പ്രഖ്യപിച്ച് 1500 പൊലീസിനെ ജില്ലയിൽ നിയോഗിച്ചതോടെയാണ് ജനങ്ങൾ സംഭവം അതീവ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്.
കൈ കഴുകലും മാസ്‌ക് ധരിക്കലും മാത്രമല്ല സമ്പർക്കവും അതിപ്രധാനമാണെന്ന് തിരിച്ചറിഞ്ഞതോടെ ജനങ്ങൾ അതീവ ജാഗ്രതയിലായി. എല്ലാവരും വീട്ടിലിരിക്കാൻ തയ്യാറായി. വാഹനങ്ങളുമായി റോഡിൽ ഇറിങ്ങിയവർക്കെതിരെ കേസെടുത്തു. ലോക്ക്‌ഡൗൺ തുടങ്ങിയ ശേഷം 1235 കേസുകളെടുത്തു. 1679 പേരെ അറസ്‌റ്റ് ചെയ്‌തു. 562 വാഹനങ്ങൾ പിടിച്ചെടുത്തു.