lock-

കണ്ണൂർ: കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെ തുടർന്ന് ഇന്നു മുതൽ ജില്ലയിൽ പൊലീസ് നടപടികൂടുതൽ ശക്തമാക്കി. ഇന്നലെ ബാങ്കുകൾ തുറന്നു പ്രവർത്തിച്ചിരുന്നെങ്കിലും ഇന്നു മുതൽ അതും ഉണ്ടാവില്ല. മേയി 3 വരെ ബാങ്കുകളുടെ പ്രവർത്തനം നിർത്തിവെക്കുമെന്ന് ജില്ലാ കളക്ടർ ടി.വി. സുഭാഷ് കേരള കൗമുദിയോട് പറഞ്ഞു. ഇന്നലെ 7 പേരിൽകൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗികളുടെ എണ്ണം 111 ആണ്. 230 പേരുടെ പരിശോധന ഫാലം ലഭിക്കാനുണ്ട്. 3336 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. ഇതിൽ 98 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷഷണത്തിലാണ്. നഗരത്തിലേക്ക് വരാൻ രണ്ട് വഴികൾ ഒഴികെ ബാക്കി എല്ലാം പൂട്ടികഴിഞ്ഞു. മെഡിക്കൽ സറ്റോറുകൾ തുറക്കുമെങ്കിലും മരുന്നു വാങ്ങാൻ ആരും വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നും, സന്നദ്ധ പ്രവർത്തകർ വീട്ടിലെത്തിക്കുമെന്നും ജില്ലാ പൊലീസ് ചീഫ് യതീഷ്ചന്ദ്ര അറിയിച്ചു. നഗരങ്ങളിൽ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലും ഉൾഗ്രാമങ്ങളിൽ എസ്.ഐമാരുടെ നേതൃത്വത്തിലും പരിശോധന നടത്തുമെന്ന് കളക്ടർ പറഞ്ഞു.

കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച 7 പേരിൽ 4 പേർ ദുബായിൽ നിന്നെത്തിയവരാണ്. 3 പേർക്ക് സമ്പർക്കം വഴിയാണ്‌ രോഗം ബാധിച്ചത്. ഇവരിൽ 9 വയസുകാരിയുമുണ്ട്. അതോടൊപ്പം സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ ഉണ്ടായിരുന്ന യുവതിയും ഉൾപ്പെടുന്നുണ്ട്. ചെങ്ങളായി സ്വദേശിയായ യുവതിക്കാണ് ട്രെയിൻ യാത്രക്കിടെ കൊവിഡ് ബാധിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിലാണുള്ളത്.

കൊവിഡ്‌രോഗിയെ ചികിത്സിച്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിന്‌ ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു നേരത്തെ കൊവിഡ് ബാധിച്ച എടച്ചേരി സ്വദേശിയെ ചികിത്സിച്ച കൂടത്തായി സ്വദേശിയായ നഴ്സിനാണ്‌ രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. രണ്ട് ദിവസം മുൻപാണ് ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. എടച്ചേരി സ്വദേശിക്ക്‌ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വകാര്യ ആശുപത്രിയിലെ 42 ജീവനക്കാർ നിരീക്ഷണത്തിലായിരുന്നു. ഇവരിൽ പലരുടേയും പരിശോധനാഫലം ഇനി വരാനുണ്ട്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരുടെ പരിശോധന ഫലം പോസിറ്റാവുകുന്നത് ആരോഗ്യ പ്രവർത്തകരിൽ കടുത്ത ആശങ്കയാണ് ഉളവാക്കിയിട്ടുള്ളത്.

മലപ്പുറം ജില്ലയിൽ 4 മാസം പ്രായമായ കുഞ്ഞിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു കുട്ടി. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.