കണ്ണൂർ: ജില്ലയിൽ ഇന്നു മതൽ അവശ്യ സാധനങ്ങളുടെ വിതരണത്തിലും പൊലീസ് കർശന നിയന്ത്രണം കൊണ്ടുവന്നു. ഇന്നുമുതൽ മേയി 3 വരെ ഹോം ഡലിവറിയിലൂടെ മാത്രമെ സാധനങ്ങ8ലഭിക്കൂ. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള ജില്ലയെന്ന നിലയിലാണ് ഇത്തരത്തിലുള്ള നിയന്ത്രണത്തിന് ജില്ലാ ഭരണകൂടത്തേയും പൊലീസിനേയും നിർബന്ധിതരാക്കിയത്. മരുന്നുകൾ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിലാകെ ഹോം ഡെലിവറിയിലൂടെ മാത്രമാക്കാൻ കളക്ടർ ഉത്തരവിട്ടു. ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷൻ സാധനങ്ങളും കിറ്റുകളും ഉൾപ്പെടെ സൗജന്യമായി വീടുകളിലെത്തിക്കും. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, സന്നദ്ധ വളണ്ടിയർമാർ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പുവരുത്തും.
കണ്ണൂർ കോർപറേഷനിലെ പഴയ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഹോംഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും. കോർപറേഷനിലെ ബാക്കി പ്രദേശങ്ങളിൽ കോർപറേഷൻ ഇതിനുള്ള സംവിധാനമൊരുക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള കോൾ സെന്ററുകൾ വഴി അവശ്യ സാധനങ്ങൾ എത്തിക്കും. തദ്ദേശ സ്ഥാപന തലങ്ങളിൽ ഏതൊക്കെ കടകൾ ഏതൊക്കെ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോ വാർഡിലും ഒരു കട മാത്രമേ തുറന്നുപ്രവർത്തിക്കുന്നുള്ളൂ എന്ന് തദ്ദേശ സ്ഥാപന അധികൃതർ ഉറപ്പുവരുത്തണം.