ന്യൂഡൽഹി: ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ ഓരോ ദിവസമടക്കം നിശ്ചയിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ഒഴിവാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, കൊവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഒരു മാസം തികയുന്നതോടെ ഡൽഹിയിലെ വായു ക്ലീനായി. ജനങ്ങളും വാഹനങ്ങളും പുറത്തിറങ്ങാതായതോടെ ഉത്തരേന്ത്യയിലാകെ വായു മലിനീകരണ തോത് കുറഞ്ഞു. ഇത് കണ്ടെത്തിയതാകട്ടെ നാസയും. സാറ്റലൈറ്റ് സെൻസർ വഴി നടത്തിയ നിരീക്ഷണത്തിലാണ് കണ്ടെത്തൽ. 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് മലിനീകരണ തോത് എത്തിയത്.
പലയിടത്തും അന്തരീക്ഷ ഘടനയിൽ മാറ്റങ്ങൾ കാണുന്നുണ്ടെന്ന് നാസയുടെ മാർഷൽ സ്‌പേസ് സെന്ററിലെ യൂണിവേഴ്സിറ്റീസ് റിസർച്ച് അസോസിയേഷൻ ശാസ്ത്രജ്ജൻ പവൻ ഗുപ്ത പറയുന്നു. ഗംഗാ സമതലത്തിൽ എയ്റോസോൾ ഇത്രയും താഴ്ന്ന നിലയിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തരീക്ഷത്തിൽ വിഷവാതകങ്ങൾ കലരുന്ന അന്തരീക്ഷ മലിനീകരണം ജീവജാലങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകാറുണ്ട്. അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിലാണ് വിഷവാതകങ്ങൾ ലയിക്കുന്നത്.
2014 ലെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2012 ൽ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായതായി പറയുന്നു. ഇന്ത്യയിലെ മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും വാഹനങ്ങൾ മൂലം ഉണ്ടാകുന്നതാണ്. ഇതിൽ പകുതിയിലധികവും ഇരുചക്ര വാഹനങ്ങൾ മൂലമാണ്. രാജ്യത്ത് ഓരോ വർഷവും വായു മലിനീകരണം മൂലം നാൽപ്പതിനായിരത്തോളം പേരാണ് മരിക്കുന്നത്. ലോകത്ത് അന്തരീക്ഷ മലിനീകരണത്തിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ദിവസവും 80ഓളം ആളുകളാണ് ഡൽഹിയിൽ ശ്വാസകോശ രോഗങ്ങൾ മൂലം മരിക്കുന്നതെന്നാണ് കണക്ക്. അനുവദനീയമായ അളവിന്റെ നിരവധി ഇരട്ടിയാണ് ഡൽഹിയടക്കം പല നഗരങ്ങളിലെയും മലിനീകരണത്തോത്. പുകവലിക്കാത്ത ഒരാൾ ഒരു ദിവസം ശരാശരി 20 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഡൽഹിയിലെ വായു ശ്വസിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. മാംഗനീസ്, ലെഡ്, നിക്കൽ തുടങ്ങിയ ലോഹങ്ങളുടെ അളവുകൾ ഡൽഹിയുടെ അന്തരീക്ഷത്തിൽ ഏറെ കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. വായു മലിനീകരണത്തിന്റെ തോത് അനുവദനീയമായ അളവിലേക്ക് കുറയ്ക്കാനായാൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 1.7 വർഷമെങ്കിലും കൂട്ടാനാകുമെന്നും പഠനങ്ങൾ പറയുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് അതിസൂക്ഷ്മ മാലിന്യകണങ്ങളുടെ (പി.എം. 2.5) അളവ് 30 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അഹമ്മദാബാദ്, പൂനെ നഗരങ്ങളിലും മലിനീകരണത്തിന്റെ തോത് 15 ശതമാനമായി കുറഞ്ഞു. പിഎം 2.5 എന്ന വിളിക്കുന്ന ഫൈൻ പാർട്ടിക്കുലേറ്റ് മാറ്ററിന്റെ സാന്നിധ്യവും കുറഞ്ഞിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് അടുത്തിടെ രാജ്യ തലസ്ഥാനത്ത് ഓക്‌സിജൻ ബാറുകൾ തുറന്നിരുന്നു. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് വാങ്ങിയിരുന്നത്.