ആലക്കോട്: ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ കിടത്തിചികിത്സ നിറുത്തിയത് ദുരിതമായി. മലയോര മേഖലയിലെ എട്ട് പഞ്ചായത്തുകളിൽ പെട്ട രോഗികളുടെ അഭയകേന്ദ്രമാണ് കഴിഞ്ഞ ഒരുമാസമായി ഐ.പി വിഭാഗം പ്രവർത്തിപ്പിക്കാതെ രോഗികളെ മടക്കുന്നത്.
ഡെങ്കിപ്പനി പോലുള്ള മാരകരോഗങ്ങൾ പിടിപെട്ട് ഇവിടെയെത്തുന്നവരെ പോലും മരുന്ന് നൽകി പറഞ്ഞയയ്ക്കുകയാണ് ചെയ്യുന്നത്. ലോക്ക് ഡൗണിനെത്തുടർന്ന് കൊറോണ വൈറസിന്റെ വ്യാപനം തടയാനെന്ന പേരിലാണ് ഐ.പി വിഭാഗം താത്ക്കാലികമായി നിറുത്തിവെച്ചതെന്നാണ് വിവരം. ഇതുമൂലം നൂറുകണക്കിന് നിർദ്ധനരായ രോഗികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
ഉദയഗിരി പഞ്ചായത്തിലെ മണക്കടവിൽ നിന്നും ഡെങ്കിപ്പനി ബാധിച്ചു ഇവിടെയെത്തിയവരെ വീടുകളിലേയ്ക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. ഇതിനെത്തുടർന്ന് 24 കിലോമീറ്റർ ദൂരത്തുനിന്നും വാഹനത്തിൽ ഇവിടെയെത്തി കുത്തിവെപ്പ് നടത്തുന്നവരുണ്ട്. ഉദയഗിരി പി.എച്ച്.സി യിൽ കിടത്തിചികിത്സ ആരംഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ട് പത്തുവർഷമായെങ്കിലും ഐ.പി വിഭാഗം ഇപ്പോഴും തുടങ്ങിയിട്ടില്ല.