കാസർകോട്: കൊവിഡ് പശ്ചാത്തലത്തിൽ സമാശ്വാസപദ്ധതിയായി കുടുംബശ്രീ അംഗങ്ങൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച വായ്പയ്ക്ക് അപേക്ഷകരുടെ തള്ളിക്കയറ്റം. 5000 രൂപ മുതൽ 20000 രൂപ വരെ ഓരോ കുടുംബശ്രീ അംഗങ്ങൾക്കും അയൽക്കൂട്ടം വഴി വായ്പ നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതിനായി അനുവദിച്ച 2000 കോടി കൊണ്ട് പകുതിപേർക്ക് പോലും വായ്പ നൽകാൻ സാധിക്കാത്ത സ്ഥിതിയിലാണ് അപേക്ഷകൾ വരുന്നത്.
7000കോടിയെങ്കിലും അനുവദിച്ചാൽ മാത്രമെ ഇപ്പോഴത്തെ കണക്കിൽ മുഴുവൻ അപേക്ഷകർക്കും സർക്കാർ പ്രഖ്യാപിച്ച രീതിയിൽ വായ്പ അനുവദിക്കാൻ സാധിക്കുകയുള്ളു. കുടുംബശ്രീകളിലെ മുഴുവൻ അംഗങ്ങളും വായ്പ എടുക്കില്ലെന്ന കണക്കുകൂട്ടലായിരുന്നു സർക്കാരും സംസ്ഥാന കുടുംബശ്രീ മിഷനും ..
സി .ഡി എസുകളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഡിമാൻഡ് ലിസ്റ്റിലാണ് പൂർണമായ അർത്ഥത്തിൽ വായ്പ നൽകാൻ 7000 കോടിയെങ്കിലും വേണ്ടിവരുമെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ജില്ലകൾക്കുള്ള വിഹിതം വെട്ടിക്കുറച്ചു. ആവശ്യക്കാർക്ക് 20000 രൂപ വീതം നല്കാൻ 268 കോടി രൂപ വേണ്ടുന്ന കാസർകോടിന് 93 കോടി രൂപമാത്രമാണ് സംസ്ഥാന കുടുംബശ്രീ മിഷൻ അനുവദിച്ചത്.
കൂലിവേല എടുത്തു ജീവിക്കുന്നവർ. രോഗികൾ, നിത്യവരുമാനം മുടങ്ങിയവർ, മരുന്നിനും ചികിത്സക്കും ബുദ്ധിമുട്ടുന്നവർ, കടബാദ്ധ്യതയുള്ളവർ, വാടകനൽകാൻ പ്രയാസപ്പെടുന്നവർ എന്നിങ്ങനെയുള്ളവരെ ഉദ്ദേശിച്ചാണ് സർക്കാർ പാക്കേജ് പ്രഖ്യാപിച്ചത്. എന്നാൽ ഉദ്യോഗസ്ഥരുടെ കുടുംബത്തിലുള്ളവരടക്കം അപേക്ഷ നൽകുകയായിരുന്നു.
ആരെയും വെറുപ്പിക്കാതിരിക്കാൻ ചില ഗ്രാമ പഞ്ചായത്തുകൾ തീരുമാനങ്ങളിൽ വെള്ളം ചേർത്ത് എല്ലാവർക്കും തുല്യ തുക നൽകാമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമുള്ള വായ്പയുടെ തുക രേഖപ്പെടുത്താതെ വായ്പയുടെ അപേക്ഷ വാങ്ങിയെന്നും ആക്ഷേപമുണ്ടായി.
നിബന്ധനകൾ ഇങ്ങനെ
1. പതിനായിരം രൂപക്ക് മുകളിൽ വരുമാനമുള്ള കുടുംബശ്രീ അംഗത്തിന് വായ്പ നൽകരുത്
2.രണ്ടോ അതിൽ കൂടുതലോ വായ്പ എടുത്തിട്ടുള്ളവർക്ക് അയൽക്കൂട്ടങ്ങൾ വായ്പ നൽകരുത്. 3.അഫിലിയേഷനും ഓഡിറ്റും പൂർത്തീകരിച്ച കുടുംബശ്രീകൾക്ക് മാത്രമേ വായ്പ നൽകാൻ പാടുള്ളൂ. 4.സർക്കാർ ജീവനക്കാരും പെൻഷൻ പറ്റുന്നവരും ഉണ്ടെങ്കിൽ വായ്പ നൽകരുത്.
ബൈറ്റ്
പണിയും കൂലിയും ഇല്ലാതായിട്ട് ഒന്നര മാസമായി. സർക്കാർ കുടുംബശ്രീ അംഗങ്ങൾക്ക് അനുവദിച്ച വായ്പ വേഗത്തിൽ കിട്ടിയിരുന്നെങ്കിൽ വലിയ ആശ്വാസമായേനെ. കൊവിഡ് ഭീഷണിയും ലോക്ക് ഡൗണും തളർത്തിയ പ്രദേശത്തെ അവഗണിക്കാതെ സർക്കാർ വാഗ്ദാനം ചെയ്ത തുക കുടുംബശ്രീ മിഷൻ വായ്പയായി നൽകണം- പ്രമീള മാവുങ്കാൽ (കുടുംബശ്രീ പ്രവർത്തക , അജാനൂർ പഞ്ചായത്ത്,കാസർകോട് )
ബൈറ്റ്
കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകുന്നതിൽ അനിശ്ചിതത്വം തീരെയില്ല. പരമാവധി തുക വായ്പ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ കൃത്യമായി നടന്നുവരികയാണ്. ആവശ്യത്തിന് അനുസരിച്ചു തുക ലഭിക്കാത്ത വിഷമം മാത്രമാണുള്ളത്. അപേക്ഷയും സർക്കുലറും നൽകുമ്പോൾ പഞ്ചായത്തുകളോട് നിബന്ധനകൾ കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരാതികൾ പരിഹരിച്ചു വായ്പാവിതരണം പൂർത്തിയാക്കും.
ഡി. ഹരിദാസ്,(അസി.കോഓഡിനേറ്റർ കുടുംബശ്രീ മിഷൻ, കാസർകോട് )