കണ്ണൂർ: കൊവിഡ് -19 രോഗികൾ കൂടുതലുള്ള ജില്ലയെന്ന നിലയിൽ കർശന ലോക്ക് ഡൗൺ പരിശോധന കണ്ണൂരിൽ തുടരുന്നു. ഐ.ജിമാരായ അശോക് യാദവ്, വിജയ് സാക്കറെ എന്നിവരുടെ മേൽനോട്ടത്തിൽ കടുത്ത പരിശോധനകളിലേക്ക് കടന്നതോടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു.
പല റോഡുകളും അടഞ്ഞുകിടക്കുകയാണ്. അതിർത്തികളിലും പഴുതില്ലാത്ത സുരക്ഷയൊരുക്കുന്നു. 1600 പൊലീസ് ഉദ്യോഗസ്ഥരെയാണ് ദിവസം ജില്ലയിൽ ലോക്ക് ഡൗൺ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങുന്നത് തടയുന്നതിന് പൊലീസ് കൊവിഡ് സേഫ്റ്റി ആപ്പ് ഏർപ്പെടുത്തുന്നുണ്ട്.
28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഹോട്ട് സ്പോട്ടുകളായിട്ടുള്ളത്. ഇവിടങ്ങളിൽ ആരോഗ്യപ്രവർത്തകരുൾപ്പെടെ അത്യാവശ്യക്കാർക്ക് മാത്രമാണ് പുറത്തിറങ്ങാനുള്ള അനുമതി. ജില്ലയിലാകെ അവശ്യസാധനങ്ങളുടെയും റേഷൻ സാധനങ്ങളുടെയും വിതരണം ഹോം ഡെലിവറിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ ബാങ്കുകളുടെ പ്രവർത്തനത്തിന് ചുരുങ്ങിയ ജീവനക്കാർ മാത്രം മതിയെന്ന നിർദ്ദേശവും ജില്ലാ ഭരണകൂടം നല്കി.