പയ്യന്നൂർ: ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട പയ്യന്നൂർ നഗരസഭ പരിധിയിൽ നിയന്ത്രണങ്ങൾ കർശ്ശനമാക്കി. സമീപ ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് നഗരസഭ പരിധിയിലേക്ക് പ്രവേശിക്കുന്ന ദേശീയ പാത അടക്കമുള്ള സ്ഥലങ്ങളിലെല്ലാം ബാരിക്കേഡ് വച്ച് ഗതാഗതം തടഞ്ഞിട്ടുണ്ട്.

രാമന്തളി പുന്നക്കടവ്, ഒളവറ പാലങ്ങൾ, കരിവെള്ളൂർ, പെരുമ്പ, എടാട്ട്, ഏഴിലോട് തുടങ്ങിയ സ്ഥലങ്ങളിൽ ദേശീയ പാതയിൽ എത്തിച്ചേരുന്ന പോക്കറ്റു റോഡുകളെല്ലാം ബ്ലോക്ക് ചെയ്ത് പോലീസ് കാവലുണ്ട്. പരിശോധന കർശനമാക്കിയതിനെ തുടർന്ന് പയ്യന്നൂർ ടൗൺ ഇന്നലെ വിജനമായ നിലയിലായിരുന്നു.

തുറന്ന് പ്രവർത്തിച്ചിരുന്ന മെഡിക്കൽ ഷോപ്പുകളിൽ ഏതാനും പേർ മാത്രമാണ് മരുന്നുകൾ വാങ്ങാൻ എത്തിയിരുന്നത്.

കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും അന്നൂർ ഭാഗത്ത് തുറന്ന് പ്രവർത്തിച്ച

മൂന്ന് കടകൾ പൊലീസ് അടപ്പിക്കുകയും കേസ്സെടുക്കുകയും ചെയ്തു. പയ്യന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.വി.ജോൺ, എസ്.ഐ.പി. ബാബുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് നടപടികൾ ഏകോപിപ്പിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതായ ജനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യസാധനങ്ങൾ ഹോം ഡെലിവറിയായി വീടുകളിൽ എത്തിച്ച് നൽകുന്നതിന് കാൾ സെന്റർ സംവിധാനം നഗരസഭാ ഓഫീസിൽ ഏർപ്പെടുത്തിയതായി ചെയർമാൻ ശശി വട്ടക്കൊവ്വൽ അറിയിച്ചു.

കോൾ സെന്ററിലെത്തുന്ന ആവശ്യങ്ങൾക്കനുസരിച്ച് സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്നതിനായി പയ്യന്നൂർ ടൗണിലും പെരുമ്പയിലുമായി ഏഴ് കടകൾ പ്രവർത്തിക്കുന്നതിന് ധാരണയിലെത്തിയിട്ടുണ്ടെന്നും ഇവിടെ നിന്ന് യാതൊരു കാരണവശാലും നേരിട്ടുള്ള വിൽപ്പന അനുവദിക്കില്ലെന്നും , ഡെലിവറിയായി വീടുകളിൽ എത്തിക്കുന്ന സാധനങ്ങൾക്ക് ഡെലിവറി ചാർജ് ഈടാക്കില്ലെന്നും ചെയർമാൻ പറഞ്ഞു.

നഗരസഭ കോൾ സെൻറർ നമ്പർ: 9446773611 , 9747375425 , 9447224236 .