ഇരിട്ടി : കർണ്ണാടക വനം വന്യജീവി വകുപ്പിന്റെ തടസ്സവാദം മൂലം പാതിവഴിയിൽ നിർമ്മാണം നിലച്ച കൂട്ടുപുഴ പാലത്തിന്റെ പ്രവർത്തി ആരംഭിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങി. ഇതുസംബന്ധിച്ച് നാഷണൽ വൈൽഡ് ലൈഫ് ബോർഡ് യോഗ തീരുമാനത്തിന്റെ മിനുട്സ് അംഗീകരിച്ച് ഉത്തരവിറങ്ങി. ഇതോടെ കൂട്ടുപുഴ പാലം പണിക്കുള്ള തടസങ്ങൾ നീങ്ങി.
ഡൽഹിയിൽ കേന്ദ്ര വനം പരിതസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് മുഖേന നടന്ന യോഗത്തിലാണ് കൂട്ടുപുഴ പാലം നിർമ്മാണത്തിന് അനുമതി നൽകാൻ തീരുമാനമായത്.
2017 ഡിസംബർ 27 നാണ് തലശ്ശേരി - വളവുപാറ റോഡ് നിർമ്മാണത്തിന്റെ ഭാഗമായ കൂട്ടുപുഴ പാലം പണി മാക്കൂട്ടം ബ്രഹ്മഗിരി വൈൽഡ് ലൈഫ് വിഭാഗം അധികൃതർ തടസ്സപ്പെടുത്തിയത്.
കർണ്ണാടക വനം മേധാവിയുടെ നിരീക്ഷണത്തിലും നിബന്ധനകൾക്ക് വിധേയമായും വേണം കൂട്ടുപുഴ പാലം പണി നടത്തേണ്ടതെന്നും അതിർത്തിയിൽ 0.177 ഹെക്ടർ വരുന്ന വന്യജീവി സങ്കേതത്തിലെ മൃഗങ്ങൾക്കും മരങ്ങൾക്കും നാശമുണ്ടാവാതെ സൂക്ഷിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.