കണ്ണൂർ: റേഷൻ വിതരണം ഒ.ടി.പി സമ്പ്രദായത്തിലൂടെയാക്കിയത് കണ്ണൂർ ജില്ലയിൽ ലോക്ക് ഡൗൺ കടുപ്പിച്ചതോടെ വ്യാപാരികൾക്ക് പൊല്ലാപ്പായി. ജില്ലയിൽ റേഷൻ സാധനങ്ങൾ വീടുകളിലേക്ക് എത്തിച്ചുനല്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർ‌ദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീക്കാരെ വിതരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഈ സംവിധാനം പൂർണമായും നിലവിൽ വന്നില്ലെങ്കിലും ഇനി ഇത്തരത്തിൽ വിതരണം ചെയ്യുമ്പോൾ എങ്ങനെ ഒ.ടി.പി സമ്പ്രദായം ശ്രദ്ധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക.

അന്ത്യോദയക്കാർക്കുള്ള കിറ്റ് വിതരണവും ഇവർക്കും മുൻഗണന വിഭാഗത്തിനുമുള്ള അരി വിതരണവുമാണ് ഇപ്പോൾ നടക്കുന്നത്. ഹോം ഡെലിവറി സമ്പ്രദായം ഉറപ്പാക്കാത്തതിനെ തുടർന്ന് ഇന്നലെ മാടായി മേഖലയിൽ അഞ്ച് റേഷൻ കടകൾ പൊലീസ് അടപ്പിച്ചതായും പറയുന്നു. എന്നാൽ ഹോം ഡെലിവറിയിൽ സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ ഒ.ടി.പി റേഷൻ വ്യാപാരികളുടെ ഉത്തരവാദിത്വത്തിൽ ഒഴിവാക്കിയാൽ ഭാവിയിൽ ഏന്തെങ്കിലും അന്വേഷണം നടന്നാൽ തങ്ങൾ തന്നെ കുടുങ്ങുമോയെന്നാണ് ഇവരുടെ ഭീതി.

ലോക് ഡൗൺ കാലയളവിൽ ആദ്യത്തെ 15 കിലോ സൗജന്യ അരി വിതരണത്തിൽ മാനുവൽ വിതരണം നടത്തിയിരുന്നു. എന്നാൽ അരി വിതരണം 90 ശതമാനത്തിൽ കൂടുതൽ നടത്തിയ റേഷൻ കടകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന സംശയം പിന്നീട് സിവിൽ സപ്ളൈസ് വകുപ്പിനുണ്ടായി. ഇതിനെ തുടർന്നാണ് ഒ.ടി.പി പുനഃസ്ഥാപിച്ചത്. സാങ്കേതിക കാരണങ്ങളാൽ ഒ.ടി.പി നടക്കാതെ വന്നാൽ മാത്രമേ മാനുവൽ ആയി വിതരണം നടത്തുകയുള്ളൂവെന്നാണ് നിർദ്ദേശം.

തടസം നേരിടുന്നുവെന്ന്

എന്നാൽ വിതരണത്തിൽ പലപ്പോഴും തടസം നേരിടുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. റേഷൻ കാർഡ് വിവരങ്ങളിലെ ഫോൺ നമ്പറുകൾ ഉപയോഗത്തിലില്ലാത്തതോ റേഷൻ വാങ്ങാൻ വരുന്നവർ കൊണ്ടുവരുന്ന മൊബൈൽ ഫോൺ നമ്പർ മറ്റേതെങ്കിലുമാകുന്നതോ ഇതിന് തടസമാണ്. ഒ.ടി.പി നമ്പർ വരുന്നതിലെ സാങ്കേതിക കാലതാമസമാണ് മറ്റൊരു പ്രശ്നം. പ്രായമായവരും മറ്റും മൊബൈൽ ഫോൺ നേരെ വ്യാപാരികൾക്ക് കൈമാറി വ്യാപാരികൾ തന്നെയാണ് ഒ.ടി.പി നമ്പറുകൾ കൈകാര്യം ചെയ്യുന്നതെന്നിരിക്കെ വിരലടയാളം രേഖപ്പെടുത്തുന്ന സമ്പ്രദായത്തേക്കാൾ കൊവിഡ് -19 വ്യാപനത്തിന് അപകടകരമാണ് നിലവിലെ രീതിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കണ്ണൂർ ജില്ലയിൽ റേഷൻ വിതരണം ഹോം ഡെലിവറിയിലേക്ക് മാറ്റുന്ന സാഹചര്യത്തിൽ ഒ.ടി.പി സമ്പ്രദായത്തിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വ്യാപാരികൾ ജില്ലാ സപ്ളൈ ഓഫീസർക്ക് നിവേദനം നല്കും.