കണ്ണൂർ: ലോക്ക് ഡൗൺ കാലത്ത് ദുരിതത്തിലായിപ്പോയ കർഷകർക്കും ഉപഭോക്താക്കൾക്കും കൈത്താങ്ങായി കൃഷി വകുപ്പ്. ഇക്കോ ഷോപ്പുകൾ, ആഴ്ച ചന്തകൾ, ബി.എൽ.എഫ്.ഒ മാർക്കറ്റുകൾ, എ ഗ്രേഡ് ക്ലസ്റ്റർ മാർക്കറ്റുകൾ എന്നിവ വഴി കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ ശേഖരിച്ച് വിതരണം ചെയ്ത് വരുന്നതിനോടൊപ്പം ഓൺലൈൻ വിപണികളും സഞ്ചരിക്കുന്ന പച്ചക്കറി വിപണികളുമായി കൊവിഡ് കാലത്തും കൃഷി വകുപ്പ് സജീവമാണ് . 25 ഇടങ്ങളിൽ ഫാർമർ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും (എഫ്.ആർ.ഒ ) കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നുണ്ട്.
കർഷകരുടെ ഉത്പ്പന്നങ്ങൾ പ്രധാന കേന്ദ്രങ്ങളിൽ കർഷകർ തന്നെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ന്യായവിലക്ക് വിൽപന നടത്തുന്ന സംവിധാനമാണ് ഇവിടെ. ജില്ലയിൽ ഇതുവരെയായി 52.13 ടൺ പച്ചക്കറികളും 13.22 ടൺ പഴവർഗങ്ങളും 4.2 കിഴങ്ങുവർഗ്ഗ വിളകളും 0.889 ടൺ നാളികേരവും കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് കൃഷി വകുപ്പ് വിപണനം നടത്തി. എഫ്.ആർ.ഒകൾ വഴി 12.462 ടൺ പച്ചക്കറികളും 1.6 ടൺ പഴവർഗ്ഗങ്ങളും, 0.6 ടൺ കിഴങ്ങ് വർഗ്ഗങ്ങളും വിതരണം ചെയ്തു. കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പ് വഴി 42 ടണ്ണും വി എഫ് പി സി കെ വഴി 39.575 ടണ്ണും കാർഷിക ഉൽപ്പന്നങ്ങളാണ് ശേഖരിച്ച് വിൽപന നടത്തിയത്.