കണ്ണൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാം ഘട്ട വിതരണം 27 മുതൽ നടക്കും. ജില്ലയിൽ 1,65,721 കിറ്റുകളാണ് പിങ്ക് കാർഡുടമകൾക്കുള്ള രണ്ടാംഘട്ട വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ എ.എ.വൈ വിഭാഗത്തിൽ പെട്ട 35,862 ഗുണഭോക്താക്കളിൽ 34,911 പേർ പലവ്യഞ്ജന കിറ്റുകൾ കൈപ്പറ്റിയിട്ടുണ്ട്.
ജില്ലയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പലവ്യഞ്ജന കിറ്റുകളും സൗജന്യ റേഷനും ഹോം ഡെലിവറിയായാണ് എത്തിച്ച് നൽകുക. ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് ഇതിനായുള്ള നിർദേശം എല്ലാ റേഷൻ കടയുടമകൾക്കും നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ. മനോജ് കുമാർ അറിയിച്ചു.
സംസ്ഥാന സർക്കാർ നൽകിയ ഏപ്രിൽ മാസത്തെ സൗജന്യ റേഷൻ ജില്ലയിൽ 99 ശതമാനം പേരും കൈപ്പറ്റിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം, ഓരോ അംഗത്തിനും അഞ്ച് കിലോ അരിയെന്ന കണക്കിൽ മഞ്ഞ കാർഡിലെ ഏപ്രിൽ മാസത്തെ അരി വിതരണം 86 ശതമാനവും പൂർത്തിയാക്കി. 22 മുതൽ മുൻഗണനാ കാർഡുടമകൾക്കുള്ള അരി വിതരണവും ആരംഭിച്ചിട്ടുണ്ട്.
ജില്ലയിൽ കാർഡില്ലാത്ത 2069 കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകിയിട്ടുണ്ട്. ആധാർനമ്പർ, ഫോൺ നമ്പർ എന്നിവ ചേർത്ത ഒരു സത്യവാങ്മൂലം കടയിൽ നൽകണം. ഇത്തരത്തിൽ റേഷൻ കൈപ്പറ്റിയവർക്ക് അർഹതയില്ലെന്ന് പിന്നീട് കണ്ടെത്തിയാൽ വാങ്ങിയ സാധനങ്ങളുടെ മാർക്കറ്റ് വിലയുടെ ഒന്നരയിരട്ടി പിഴ ഈടാക്കുമെന്നും ജില്ലാ സപ്ലെ ഓഫീസർ അറിയിച്ചു. ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി 124 മെട്രിക് ടൺ അരിയും 101 മെട്രിക് ടൺ അട്ടയുമാണ് വിതരണം ചെയ്തത്.