കാസർകോട്: കൊവിഡ് നിയന്ത്രണങ്ങൾ മൂലം കപ്പലുകളിൽ മാനസിക സമ്മർദ്ദത്തിലും ആശങ്കയിലുമായി കഴിയുന്ന മർച്ചന്റ് നേവി ജീവനക്കാരെ സമാശ്വസിപ്പിക്കാനും സഹായങ്ങൾ നൽകാനും യു.കെയിലെ സതാംപ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യൻ ഘടകം പ്രത്യേക ടീമിന് രൂപം നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിർഭാഗ്യകരമായ സംഭവങ്ങൾ കൊവിഡ് രോഗ വ്യാപനത്തിന് ശേഷം കപ്പലുകളിൽ ഉണ്ടായിട്ടുണ്ടെന്ന് ഇന്ത്യയിലെ സൈലേഴ്‌സ് സൊസൈറ്റിയുടെ കമ്മ്യുണിറ്റി ഡെവലപ്മെന്റ് മാനേജരായ ക്യാപ്റ്റൻ വി.മനോജ് ജോയ് പറഞ്ഞു.
കരാർ സമയം കഴിഞ്ഞിട്ടും കപ്പലിൽ തന്നെ തുടരാൻ നിർബന്ധിതരായവരിൽ ഒട്ടനേകം ജീവനക്കാർ അത്യന്തം ഗുരുതരമായ മാനസിക സമ്മർദ്ദത്തിൽ കപ്പലിൽ പകരക്കാരെയും കാത്ത് ദിവസങ്ങൾ തള്ളി നീക്കാൻ പാടുപെടുന്നതായി അന്വേഷണങ്ങളിൽ കണ്ടെത്തിയതായി ക്യാപ്റ്റൻ മനോജ് ജോയ് പറയുന്നു. ക്രൂ ചെയ്ഞ്ച് എന്ന് മുതൽ നടക്കുമെന്ന് പറയാനും വയ്യ. തുറമുഖത്തെത്തിയാൽ കപ്പലിന് വെളിയിൽ കാലെടുത്തുവെക്കാൻ പോലും മിക്ക രാജ്യങ്ങളിലും നേരത്തേ വിലക്കുള്ളതാണ്. ഇതെല്ലാം പരിഗണിക്കുമ്പോൾ കരാർ പിന്നിട്ട ശേഷമുള്ള തുടർ യാത്ര പലരെയും അലോസരപെടുത്തുകയാണെന്നും മനോജ് ജോയ് പറഞ്ഞു.