മാഹി: കൊവിഡ് കാലത്ത് സമാശ്വാസമായി കേരളത്തിലെ പ്രവാസികൾക്ക് 5000 രൂപ സഹായധനവും മൂന്ന് ശതമാനം പലിശയിൽ വായ്പയും ലഭിക്കുമ്പോൾ തൊട്ടടുത്തുള്ള മാഹിയിലെ പ്രവാസികൾ കടുത്ത അവഗണനയിൽ. .പുതുച്ചേരി സംസ്ഥാനത്ത് അസംഘടിത,നിർമ്മാണ തൊഴിലാളികൾക്ക് സഹായധനം നൽകുമ്പോൾ,പ്രവാസികൾക്ക് വേണ്ടി ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല.
നോർക്ക മാതൃകയിൽ പുതുച്ചേരിയിൽ ഭനോർപ' എന്ന പേരിൽ ഏജൻസി തുടങ്ങിയിരുന്നെങ്കിലും ഫലപ്രദമല്ല. വർഷങ്ങൾക്കു മുമ്പ്,ദുബായിലെ ഒരു മാർക്കറ്റിലെ മാഹി സ്വദേശികളുടെ കടകൾക്ക് തീ പിടിച്ച് കത്തി നശിച്ചിരുന്നു.മാഹിയിലെ ചിലരുടെ ഉടമസ്ഥതയിലുള്ള കടകൾ കത്തിനശിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് മാഹിയിലെ കച്ചവടക്കാർക്ക് 10000 രൂപ സാമ്പത്തിക സഹായം ലഭിച്ചത് മാത്രമാണ് ഈയിനത്തിലെ ഏക സഹായം. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മാഹിയിലെ പ്രവാസികൾക്ക് കേരളത്തിലെ പോലെ സഹായധനം നൽകണമെന്ന്
ആവശ്യമുയർന്നിട്ടുണ്ട്.