കണ്ണൂർ: ഇന്നലെ പുതിയ രോഗികൾ പുതുതായി ഉണ്ടായില്ലെന്നുള്ളത് കണ്ണൂർ ജില്ലയ്ക്ക് അല്പം ആശ്വാസമായി. കൂടാതെ രണ്ട് പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. 60 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നിലവിൽ 52 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 23 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 3 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 32 പേർ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് 19 ചികിത്സാ കേന്ദ്രത്തിലും 2482 പേർ വീടുകളിലുമായി ആകെ 2592 പേർ ജില്ലയിൽ ഐസൊലേഷനിലും നിരീക്ഷണത്തിലുമുണ്ട്.
ഇതുവരെയായി ജില്ലയിൽ നിന്നും 2546 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 2283 എണ്ണത്തിന്റെ ഫലം ലഭ്യമായി. 263 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ഇതുവരെയായി 111 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം ഭേദമായി ആശുപത്രി വിട്ട ജില്ലക്കാരുടെ എണ്ണം 51 ആയി. തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് തലശ്ശേരി സ്വദേശിയായ 40കാരനും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മൂര്യാട് സ്വദേശിയായ 32കാരനുമാണ് ഇന്നലെ ഡിസ്ചാർജ് ആയത്.

ചികിത്സയിലുളളത്

കണ്ണൂർ ജില്ലാ ആശുപത്രി 15,

അഞ്ചരക്കണ്ടി 32,

കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് 11,

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് 2