കണ്ണൂർ: ചപ്പാരപ്പടവ് സ്വദേശിയെ സ്രവ പരിശോധന്ക്കായി കൊണ്ടുപോയ വാഹനത്തിൽ കൂടെയുണ്ടായിരുന്നവരുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ഡി.എം.ഒ. വിദേശത്ത് നിന്നെത്തി 28 ദിവസത്തെ ഹോം ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം ഏപ്രിൽ എട്ടിനാണ് ഇദ്ദേഹത്തെ ബസിൽ സ്രവ പരിശോധനയ്ക്കായി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൂടെ ബസിൽ സ്രവ പരിശോധനയ്ക്കായി പോയവരും ഇവരെ അനുഗമിച്ച ഉദയഗിരി പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പെടെയുളളവരും മെഡിക്കൽ ബോർഡിന്റെ നിർദ്ദേശാനുസരണമുള്ള എല്ലാ മുൻകരുതലുകളും എടുത്തിരുന്നു.
മാസ്‌കും ഗ്ലൗസും ധരിച്ച് ആവശ്യമായ സാമൂഹിക അകലം പാലിച്ചാണ് ഇവർ യാത്ര ചെയ്തത്. അതിനാൽ ബസിൽ യാത്രചെയ്തവരോ ഇവരുമായി സമ്പർക്കത്തിൽപ്പെട്ടവരോ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുകയില്ല. ആരോഗ്യവകുപ്പിന്റെ മാർഗ്ഗരേഖ പ്രകാരം ഇവർക്കാർക്കും തന്നെ ക്വാറന്റീനിന്റെ ആവശ്യവുമില്ല. മറിച്ചുളള വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. അതേസമയം, രോഗിയുടെ കൂടെ സ്രവ പരിശോധനയ്ക്കായി യാത്ര ചെയ്തവർ അവർക്ക് നിർദേശിച്ചിട്ടുളള ക്വാറന്റീൻ കാലയളവ് നിർബന്ധമായും പൂർത്തീകരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.