കാസർകോട്: ഭക്ഷണം മോഷ്ടിച്ചു തിന്നാൻ എത്തിയ പൂച്ചയെ ഓടിക്കുന്നതിനിടെ വീണ് തുടയെല്ല് പൊട്ടിയ ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടിൽ എത്തിക്കാൻ എസ്.എൻ.ഡി.പിയുടെ കൈത്താങ്ങ്. തമിഴ്നാട് സേലം ചിദംബരം താലൂക്കിലെ പരുമാത്തൂർ സ്വദേശി തങ്കരാജിന്റെ മകൻ മുത്തുവിനെ (40) യാണ് യോഗം ഉദുമ യൂണിയൻ പ്രസിഡന്റ് കെവീസ് ബാലകൃഷ്ണൻ, സെക്രട്ടറി ജയാനന്ദൻ പാലക്കുന്ന് എന്നിവർ മുൻകയ്യെടുത്ത് സ്വന്തം നാട്ടിൽ എത്തിച്ചത്.
മുത്തുവിന്റെ ചികിത്സക്കും ശസ്ത്രക്രിയക്കും നാട്ടിലേക്കുള്ള യാത്രക്കും രണ്ട് ലക്ഷത്തോളം രൂപയാണ് യൂണിയൻ പ്രസിഡന്റ് കെവീസ് ബാലകൃഷ്ണൻ ചിലവഴിച്ചത്. ഏപ്രിൽ രണ്ടിനാണ് പാലക്കുന്നിലെ താമസ സ്ഥലത്ത് വച്ച് മുത്തുവിന് അപകടം സംഭവിച്ചത്. കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന മുത്തു അടക്കമുള്ള അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾക്ക് കെവീസ് ബാലകൃഷ്ണൻ ആണ് തന്റെ കെട്ടിടത്തിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തത്. ഇവർക്ക് ഭക്ഷണത്തിനുള്ള കാശും ഇദ്ദേഹം നൽകിയിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. കെവീസ് തന്നെയാണ് കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയത്. ശസ്ത്രക്രിയക്ക് ശേഷം പ്രാഥമിക കർമ്മങ്ങൾ ചെയ്യാൻ പോലും വിഷമം അനുഭപ്പെട്ടപ്പോൾ മുത്തുവിന്റെ ആഗ്രഹപ്രകാരം ആംബുലൻസ് ഒരുക്കി നാട്ടിൽ എത്തിക്കുകയായിരുന്നു.
ഉദുമ സ്വദേശിയായ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ മുഖേന ജില്ലാ പൊലീസ് ചീഫ് പി.എസ് സാബുവിനെ ബന്ധപ്പെട്ടു ഇവർക്ക് പോകാനുള്ള യാത്രാനുമതി സംഘടിപ്പിച്ചു. ജില്ലാ കളക്ടറുടെയും അനുമതി തേടി. ആംബുലൻസ് ഡ്രൈവർ മുഹമ്മദ് ആരിഫ് യാത്ര പോകാൻ തയ്യാറായി. മുത്തുവിന്റെ സുഹൃത്ത് മുരുകൻ ഒപ്പം പോകാൻ തയ്യാറായി. കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്ന് മണിയോടെ നാട്ടിലേക്ക് പോയ മുത്തുവിനെ നാട്ടിലെ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയ ശേഷമാണ് ആംബുലൻസ് മടങ്ങിയത്. കെവീസ് ബാലകൃഷ്ണൻ, ജയാനന്ദൻ പാലക്കുന്ന്, ഉദുമ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് മെമ്പർ ചന്ദ്രൻ എന്നിവർ ചേർന്നാണ് മുത്തുവിനെ നാട്ടിലേക്ക് യാത്രയാക്കിയത്.