covid

കോഴിക്കോട്: കൊവിഡ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പിഞ്ചുകുഞ്ഞ് മരിക്കാനിടയായത് ഹൃദയാഘാതം മൂലമെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർ. കൊവിഡ് ചികിത്സ നടക്കുന്നതിനിടെയാണ് കുട്ടി മരിച്ചതെങ്കിലും വൈറസ് മൂലമല്ല അതെന്ന് മെഡിക്കൽ കോളേജ് വൃത്തങ്ങൾ വ്യക്തമാക്കി. മഞ്ചേരി സ്വദേശികളുടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾതന്നെ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു. നാല് മാസം പ്രായമുള്ള കുട്ടി ജനിച്ചതുമുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.

ഹൃദയ സംബന്ധമായ രോഗത്തിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നടത്തിയത്. മലപ്പുറം പയ്യനാ‌ട് സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. പിതാവിനും മാതാവിനും രോഗ ബാധുണ്ടായിട്ടില്ല. വളർച്ചാ കുറവിനും കുട്ടിയെ ചികിത്സിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഈ മാസം 17ന് രോഗം കലശലായതിനെതുടർന്ന് നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ കുട്ടി വെന്റിലേറ്ററിലായിരുന്നു. പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരുന്നു ചികിത്സ നടത്തിയിരുന്നത്. എന്നാൽ കുട്ടിക്ക് എവിടെ നിന്നാണ് കൊവിഡ് പകർന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കുട്ടിയുടെ ഒരു അകന്ന ബന്ധു വിദേശത്ത് നിന്ന് വന്നിരുന്നു. ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാണോ പകർന്നതെന്ന് സംശയമുണ്ട്. ആശുപത്രിയിൽ നിന്ന് കൊവിഡ് ബാധിച്ചതാണോ എന്ന സംശയവും നിലവിലുണ്ട്.

കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അവശനിലയിൽ ആയിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം, കൊവിഡ് സ്ഥിരീകരിച്ച ബന്ധു കുഞ്ഞിനെ കാണാൻ എത്തിയിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. അസുഖമുള്ള കുട്ടിയായതിനാൽ കുഞ്ഞിനെ പുറത്ത് കൊണ്ടുപോയിരുന്നതുമില്ല. കുട്ടിയിലേക്ക് വൈറസ് പകർന്ന് കിട്ടയത് എങ്ങനെയാണെന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.

രോഗം എത്തിയ വഴി കണ്ടെത്താൻ കഴിഞ്ഞാൽ മാത്രമേ ഫലപ്രദമായി തുടർ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരും മറ്റ് ജീവനക്കാരും തുടർ ദിവസങ്ങളിൽ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പ്രോട്ടോക്കോൾ പ്രകാരം മാത്രമേ സംസ്കാരം നടത്തു എന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കൂടാതെ കുട്ടിയെ ആദ്യം കാണിച്ച നാട്ടിലെ സ്വകാര്യ ആശുപത്രി ജീവനക്കാരും ഇനിയുള്ള ദിവസങ്ങളിൽ നിരീക്ഷണത്തിലായിരിക്കും.