കൽപറ്റ: സർക്കാർ വാഹനത്തിൽ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയെ വയനാട് താമശ്ശേരിയിലെത്തിച്ച് കർണാക അതിർത്തി കടത്തിവിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരത്ത് കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയെ ആണ് എക്സൈസ് വകുപ്പിന്റെ വാഹനത്തിൽ കർണാടകയിലേക്ക് കടത്തി വിട്ടത്. സംഭവം വിവാദമായതിനെ തുടർന്ന് വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിൽ വൈത്തിരി പൊലീസ് അദ്ധ്യാപികയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. യാത്രാ പാസ് അനുവദിച്ച് കിട്ടുന്നതിനു എന്തെങ്കിലും കളവ് പറഞ്ഞിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ പറഞ്ഞു.
കോവിഡ് 19 രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലാ അതിർത്തികളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് അവശ്യസാധനങ്ങൾ കൊണ്ടുവരാൻ പോകുന്ന ചരക്ക് വാഹന ഡ്രൈവർമാരെയും ക്ലീനർമാരെയും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. ചരക്ക് വാഹന ഉടമകളുടെ സത്യവാങ്മൂലം അന്തർ സംസ്ഥാന അതിർത്തി കടന്നു പോകുന്ന ചരക്ക് വാഹനങ്ങളിൽ പോകുന്നവർ കരുതണം. മറ്റു ജില്ലകളിൽ നിന്ന് കാട്ടുവഴികളിലൂടെ ജില്ലയിലേക്ക് വരുന്നത് തടയാൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വിവിധ തലത്തിലുള്ള കർശനമായ പരിശോധനയുണ്ടാവും. കുരങ്ങുപനി റിപ്പോർട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ സർ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു.