pic-

കണ്ണൂർ: ലോക്ക്ഡൗണിൽ ആളുകൾക്ക് പണി ഇല്ലാതിരിക്കുകയും പ്ലാന്റേഷൻ കോർപ്പറേഷനിൽ ജോലിക്കാരുടെ സേവനം കുറയുകയും ചെയ്തതോടെ മോഷണം പെരുകി. കോപ്പറേഷന് സംസ്ഥാനത്തുള്ള 6361 ഹെക്ടർ ഭൂമിയിൽ പലയിടത്തും ഇതാണ് അവസ്ഥ. 824 ഹെക്ടറിൽ വ്യാപിച്ച ചീമേനി എസ്റ്റേറ്റിൽ കശുഅണ്ടി സംഭരിക്കാൻ 140 പേരുണ്ടായിരുന്നു. എന്നാൽ നാൽപ്പത് പേരെ എത്തുന്നുള്ളൂ. രാവിലെ 8 മുതൽ വൈകീട്ട് 5 വരെയാണ് സമയമെങ്കിലും ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിൽ നിന്നും എത്തുമ്പോഴേക്കും 10 മണിയാകും. എട്ട് മണിക്കൂറിന് പകരം നാലര മണിക്കൂർ മാത്രം ജോലി ചെയ്യുന്നതോടെ ശേഖരിക്കുന്ന കശുഅണ്ടി നാമമാത്രയാണ്. അടുത്തിടെ നട്ട ചെടികളൊക്കെ പ്രാണിശല്യത്തിൽ പോയതോടെ വലീയ മരങ്ങളേ അവശേഷിക്കുന്നുള്ളൂ. മുൻ വർഷങ്ങളിൽ 120 ടൺ സംഭരിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ ഗോഡൗണിൽ ആകെ 25 ടൺ മാത്രമേ അവശേഷിക്കുന്നുള്ളൂ.

മലഞ്ചരക്ക് കടകളൊക്കെ അടഞ്ഞ് കിടക്കുന്നതോടെ നാട്ടിലെ ചെറുകിട വ്യാപാരികളൊക്കെ കശുഅണ്ടി ശേഖരിക്കുന്നുണ്ടായിരുന്നു. വിലയിടിച്ച് കശുഅണ്ടി ശേഖരിക്കുകയും ചിലപ്പോൾ ഒഴിവാക്കുകയും ചെയ്തതോടെ സഹകരണ ബാങ്കുകൾ കശുഅണ്ടി ശേഖരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. ഇതോടെയാണ് കയ്യിൽ പണമില്ലാതായവർ മോഷണം തുടങ്ങി വിൽക്കാൻ തുടങ്ങിയതെന്ന് പ്ലാന്റേഷൻ അധികൃതർ പറയുന്നു. കഴിഞ്ഞ വർഷം ചീമേനി പ്ലാന്റേഷൻ തോട്ടത്തിൽ നിന്നും രണ്ട് കോടി രൂപയുടെ കശുഅണ്ടിയാണ് വിറ്റിരുന്നത്.

മൂന്ന് ലക്ഷം തൈകളാണ് ഇവർ ഉത്പാദിപ്പിച്ച് വിൽക്കുന്നത്. മണ്ണാർക്കാട് 544 ഹെക്ടർ തോട്ടത്തിൽ 67 ജീവനക്കാരുണ്ട്. ആലക്കോട് 80 ഹെക്ടർ, കാസർകോട് 2190 ഹെക്ടർ, രാജപുരം 1523 ഹെക്ടർ എന്നിങ്ങനെയാണ് കൃഷി. വേനൽ മഴ എത്തിയാണ് കശുഅണ്ടി കറുത്ത് തുടങ്ങും. ഇതോടെ നഷ്ടത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ആശങ്ക. നാട്ടിലെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും സമാനമായ അവസ്ഥയുണ്ട്.