കണ്ണൂർ: വേനലിലും ലോക്ക് ഡൗൺ ചൂടിലും ആശ്വാസം പകർന്ന് കണ്ണൂരിൽ മഴ പെയ്തു. ഇന്ന് പുലർച്ചെയാണ് സാമാന്യം ഭേദപ്പെട്ട മഴ കണ്ണൂർ നഗരത്തിന് ലഭിച്ചത്. കാസർകോട് ജില്ലയുടെ ഇടനാടൻ പ്രദേശങ്ങളിലും ചാറ്റൽ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മലയോര മേഖലയിൽ അടക്കം ഒറ്റപ്പെട്ട മഴ ഉണ്ടായിരുന്നു. ഇതുവരെ ഇടിയിൽ ഒതുങ്ങിയിരുന്ന സ്ഥലത്ത് അടക്കമാണ് ഇത്തവണ മഴ പെയ്തത്. ഏപ്രിൽ അവസാനത്തേക്ക് കടന്നതോടെ കനത്ത ചൂടാണ് മലബാറിൽ അനുഭവപ്പെടുന്നത്. രാത്രിയിൽ ഉറങ്ങാൻ പോലും പ്രയാസപ്പെടുന്നതിനിടെ മഴ ലഭിച്ചാൽ ആശ്വാസമാകുമെന്ന് ജനം പറയുന്നു.
ഗ്രാമീണ മേഖലയിൽ പുഴകളിലെല്ലാം ജല നിരപ്പ് കുറഞ്ഞു. കിണറുകൾ വറ്റിയതോടെ കുടിവെള്ളത്തിന് പോലും പ്രതിസന്ധിയായിട്ടുണ്ട്. കാർഷിക വിളകൾ കരിഞ്ഞ് തുടങ്ങിയത് കർഷകരെയും കണ്ണീരിലാഴ്ത്തി. ശക്തമായ വേനൽ മഴ ലഭിക്കാതെ പ്രശ്ന പരിഹാരം ആകില്ലെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം കണ്ണൂർ അടക്കമുള്ള നഗരങ്ങളിൽ ലോക്ക്ഡൗണിന് മുൻപേ ഉപേക്ഷിച്ച മാലിന്യമടക്കം കെട്ടി കിടക്കുകയാണ്. മഴപെയ്തതോടെ ഇവ ചീഞ്ഞ് തുടങ്ങുന്നത് വരും ദിവസങ്ങളിൽ രൂക്ഷമായ ദുർഗന്ധത്തിന് ഇടയാക്കും. ഓടകളെല്ലാം നിറഞ്ഞ് കവിഞ്ഞത് നീക്കം ചെയ്യാത്തതും പ്രശ്നം സങ്കീർണ്ണമാക്കും.