വാഷിംഗ്ടൺ: കൊവിഡ്19 വൈറസ് ബാധിച്ച് അര ലക്ഷത്തിലേറെ ജനം മരിച്ച് വീഴുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പമ്പര വിഡ്ഢിത്തം നിറഞ്ഞ പ്രസ്ഥാവനകൾ ജനത്തെ അമ്പരപ്പിക്കുന്നു. രോഗ ബാധിതരുടെ ശരീരത്തിൽ അണുനാശിനി കുത്തിവച്ചാൽ വൈറസിനെ കൊല്ലാമെന്നാണ് ട്രംപിന്റെ പുതിയ കണ്ടെത്തൽ. വൈറ്റ്ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അസംബന്ധം പറഞ്ഞത്. ലോകമെങ്ങും രോഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ അമേരിക്ക പോലൊരു രാജ്യത്തെ നയിക്കുന്നത് ഇത്തരം ഒരാളാണോയെന്നടക്കം വിമർശനങ്ങൾ ഉയർന്ന് കഴിഞ്ഞു.
സൂര്യപ്രകാശത്തിന് കൊവിഡ് 19 വൈറസിനെ നശിപ്പിക്കാൻ സാധിക്കുമെന്ന് യുഎസ് ഹോം ലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻറിലെ സയൻസ് ആൻഡ് ടെക്നോളജി ഉപദേഷ്ടാവ് വില്യം ബ്രയാൻ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് പ്രതികരിച്ചത്.
അൾട്രാ വയലറ്റ് പ്രകാശരശ്മികൾ ശരീരത്തിൽ ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കാൻ പരീക്ഷിക്കണമെന്നും ട്രംപ് പറഞ്ഞു. വൈറസ് വ്യാപനം ഒഴിവാക്കാൻ കൈകൾ കഴുകാൻ
അണുനാശിനി ഉപയോഗിക്കുന്നില്ലേ. പിന്നെ എന്തുകൊണ്ട് അത് കുത്തിവെച്ച് ശ്വാസകോശവും വൃത്തിയാക്കിക്കൂടയെന്നും അത് രസകരമാണെന്നും ട്രംപ് ചോദിക്കുന്നു. സമയവും സന്ദർഭവും നോക്കാതെയുള്ള തമാശയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്ന് കഴിഞ്ഞു.