നീലേശ്വരം : ഐ .സി.ഡി. എസിന്റെ ആഭിമുഖ്യത്തിൽ നീലേശ്വരം നഗരസഭയിലെ പ്രീസ്‌കൂൾ കുട്ടികൾക്കായി ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ മത്സരങ്ങൾ നടത്തുന്നു. റാമ്പ് ഐക്കൺ ഫോട്ടോഗ്രാഫി, ടിക്‌റ്റോക്ക് ബെസ്റ്റ് ആക്ടർ, പ്രിൻസ് /പ്രിൻസസ് ഓഫ് ക്രീയേറ്റീവിറ്റി, പരിസ്ഥിതി പ്രതിഭ തുടങ്ങി നിരവധി മത്സരങ്ങളാണ് കുട്ടികൾക്കായി ഒരുക്കുന്നത് .

അംഗൺവാടി പരിധിയിൽപെട്ട പ്രദേശങ്ങളിലെ കുടുംബങ്ങളെ ഉൾകൊള്ളിച്ച് 'കുടുംബങ്ങളിലേക്ക് അങ്കണവാടി' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴിയാണ് മത്സരം തുടങ്ങിയത്. അങ്കണവാടി പ്രവർത്തകരും രക്ഷിതാക്കളും ഒരുമിച്ചു പിന്തുണച്ചപ്പോൾ ആദ്യ ദിനമായ റാമ്പ് ഐക്കൺ കോണ്ടെസ്റ്റിനു 39 അങ്കണവാടികളിൽ നിന്നായി 600 ഓളം കുട്ടികൾ പങ്കെടുത്തു. നഗരസഭാ തലത്തിൽ 60 ഓളം കുട്ടികളെ കണ്ടത്തിയാണ് പ്രമോഷണൽ വീഡിയോ തയ്യാറാക്കിയത്. നീലേശ്വരം നഗരസഭാ സൂപ്പർവൈസർ പി .ജെ. അനുമോൾ, ജില്ലാ ഐ .സി .ഡി. എസ് പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്, നീലേശ്വരം ശിശു വികസന പദ്ധതി ഓഫീസർ റീനകുമാരി എന്നിവരുടെ മാർഗനിർദ്ദേശത്തിലാണ് മത്സരം നടന്നത്.