ഇരിക്കൂർ: സാമൂഹ്യ മാദ്ധ്യമങ്ങളെ ദുരുപയോഗപ്പെടുത്തിയും വ്യാജ പ്രൊഫൈൽ നിർമ്മിച്ചും തനിക്കെതിരെ നടത്തുന്ന അപകീർത്തികരമായ പ്രചരണത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ. സി. ജോസഫ് എം .എൽ .എ രേഖാമൂലം ഡി. ജി .പി ക്ക് പരാതി നൽകി. നിയമവിധേയമായി ക്വാറന്റയിനിൽ കഴിയേണ്ടി വന്നതുമൂലവും ഗതാഗത സ്തംഭനംമൂലവും വീട്ടിൽ തന്നെ കഴിയേണ്ടിവന്ന സാഹചര്യത്തെ ദുർവ്യാഖ്യാനം ചെയ്തു അപമാനകരമായ പരാമർശങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ച പല സാമൂഹ്യ മാദ്ധ്യമ കമന്റുകളും കൃത്രിമമായി സൃഷ്ടിച്ചതും വ്യാജപേരിലും ഉള്ളതാണെന്നും ഇതിന്റെ ഉറവിടം കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.