മാഹി: ഗൾഫിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണ കാലായളവ് പൂർത്തികരിച്ച അഴിയൂർ സ്വദേശിയായ 32 കാരന് കൊവിഡ് 19 സ്ഥിരികരിച്ചു.കഴിഞ്ഞ മാർച്ച് 20ന് നെടുമ്പാശ്ശേരി വഴി അഴിയൂരിലെ വീട്ടിൽ ദുബൈ സബ്ക്കയിൽ നിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.
വീട്ടിൽ 28 ദിവസം നിരീക്ഷണത്തിലായിരുന്നു ഈയാൾ.മാഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടയാളും ഇപ്പോൾ രോഗബാധിതനുമായ വ്യക്തിയുടെ സഹോദരനാണ് ഈ യുവാവ്. ഗൾഫിൽ നിന്ന് വന്നതിന് ശേഷം സ്വന്തം സഹോദരൻ ഉൾപ്പെടെ ആരുമായും ഈ യുവാവ് സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല. നീരീക്ഷണ കാലാവധി പൂർത്തീകരിച്ചതിന് ശേഷവും ഈയാളിൽ രോഗലക്ഷണങ്ങൾ കണ്ടിരുന്നില്ല. രണ്ടാമത് പോസറ്റീവായ വ്യക്തിയുടെ സഹോദരനായതു കൊണ്ടു മാത്രമാണ് ഇപ്പോൾ പരിശോധന നടത്തിയത്. ഈയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
നിലവിൽ അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ദുബൈ നൈഫിൽ നിന്ന് വന്നവർ ഉൾപ്പെടെ 73 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 23 പേർ കൊവിഡ് സെന്ററിലും 3 പേർ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ഉള്ളത്.
സമൂഹവ്യാപന പരിശോധന നടത്തി
അഴിയൂരിൽ സാമൂഹിക സമ്പർക്ക സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുന്നതിന് വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട 10 പേരുടെ സ്രവം എടുത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്. പൊലിസ്, സന്നദ്ധപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ചുമയുള്ള രണ്ട് വ്യക്തികൾ എന്നിവരുടെ സ്രവമാണ് പരിശോധനക്ക് അയച്ചത്, ജനപ്രതിനിധികൾ ഉദ്യാഗസ്ഥർ എന്നിവർക്ക് റാപ്പിഡ് ടെസ്റ്റ് നടത്താൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് പ്രോപ്പോസൽ നൽകിയിട്ടുണ്ട്. നിരിക്ഷണ കാലായളവ് പൂർത്തീകരിച്ചവർക്കും രോഗം റിപ്പോർട്ട് ചെയ്തതതിനാൽ വിദേശത്ത് നിന്ന് വന്നവർ ഒരു കാരണവശാലും ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെ പുറത്തിറങ്ങാൻ പാടില്ലെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്.