ചെറുവത്തൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് നടപ്പിലാക്കിയ ലോക്ക് ഡൗൺ മുതലെടുത്ത് അനധികൃത മണലൂറ്റൽ വ്യാപകം. ചെറുവത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ തീരദേശ മേഖലയിലാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മണലെടുക്കുന്നത്. ഓർക്കുളം, അച്ചാംതുരുത്തി, കാര്യങ്കോട് പുഴയിൽ റെയിൽവേ പാലത്തിനും കോട്ടപ്പുറം പാലത്തിനും ഇടയിലുള്ള സ്ഥലം, ഓരിയിൽ, കൈതക്കാട് എന്നിവിടങ്ങളിൽ നിന്നാണ് രാത്രിയിലും , പുലർച്ചെയുമായി മണലെടുത്ത് കടത്തുന്നത്. ഈ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലന്ന് നാട്ടുകാരുടെ പരാതി.

തോണിയിൽ മണലെടുത്ത് കരയിൽ എത്തിച്ച ഉടനെ ലോറിയിൽ കടത്തുകയാണ് പല സംഘങ്ങളും. സാധാരണയിൽ കുറഞ്ഞ വിലയ്ക്കാണ് ഇവർ ആവശ്യക്കാർക്ക് മണൽ എത്തിച്ചു കൊടുക്കുന്നത്. അതു കൊണ്ടു തന്നെ മണൽ വാങ്ങിക്കാനും ആവശ്യക്കാർ ധാരാളമാണ്.

പണിയില്ലാതെ പരമ്പരാഗത തൊഴിലാളികൾ

ചെറുവത്തൂർ പഞ്ചായത്തിലെ കൈതക്കാട്, മടക്കര, അച്ചാംതുരുത്തി. പടന്ന പഞ്ചായത്തിലെ ഓരിയിൽ. നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറം മാട്ടുമ്മൽ എന്നിവിടങ്ങളിൽ അംഗീകൃത മണലെടുപ്പ് കടവുകളുണ്ട്. എന്നാൽ ഇവിടങ്ങളിൽ മണലെടുപ്പും കടത്തും ജില്ലാ ഭരണകൂടം നിരോധിച്ചിട്ട് രണ്ടുമാസത്തോളമായി. മടക്കര തുറമുഖത്തിനടുത്തുള്ള കൃത്രിമ ദ്വീപിൽ അതിക്രമിച്ച് കയറി മണലെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ നിരോധനം. ഇതിനെ തുടർന്ന് ഈ കടവുകൾ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന 400 ഓളം പരമ്പരാഗത മണൽവാരൽ തൊഴിലാളികൾ തൊഴിലില്ലാതെ കഴിയുകയാണ്.